കൊച്ചി: മാലിന്യലോറിക്ക് കുറഞ്ഞ വാടക ക്വാട്ടുചെയ്ത ടെൻഡർ സാങ്കേതിക കാരണം പറഞ്ഞ് റദ്ദാക്കിയതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കം. കുറഞ്ഞ സെക്യൂരിറ്റി തുക ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ കത്ത് നൽകിയതാണ് ടെൻഡർ റദ്ദാക്കാൻ കാരണമായതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. അന്നത്തെ ടെൻഡർ അംഗീകരിച്ചിരുന്നെങ്കിൽ കോർപ്പറേഷന് കോടികളുടെ ലാഭമുണ്ടാകുമായിരുന്നു.
ബ്രഹ്മപുരത്ത് തീപിടിച്ച സമയത്തെ ക്വട്ടേഷൻ പ്രകാരമുള്ള ഉയർന്ന നിരക്കിലാണ് ഹിറ്റാച്ചിയും ജെ.സി.ബിയും നിലവിൽ കോർപ്പറേഷൻ ഉപയോഗിക്കുന്നത്.
ഈ വർഷം ജനുവരിയിൽ ക്ഷണിച്ച ടെൻഡറിൽ ഹിറ്റാച്ചിക്ക് മണിക്കൂറിന് 999 രൂപയും മണ്ണുമാന്തി യന്ത്രത്തിന് മണിക്കൂറിന് 600 രൂപയുമാണ് ഒരു കമ്പനി ക്വാട്ട് ചെയ്തിരുന്നത്. ഈ ടെൻഡർ റദ്ദാക്കിയശേഷം മാർച്ചിൽ വിളിച്ച പുതിയ ടെൻഡറിൽ ഹിറ്റാച്ചിക്ക് 1524 രൂപയും മണ്ണുമാന്തി യന്ത്രത്തിന് 1250 രൂപയുമാണു ക്വാട്ട് ചെയ്തത്. ലോറി വാടകയായി നിലവിൽ നൽകുന്ന 3560 രൂപയ്ക്ക് പകരം 5750 രൂപയാണു മാർച്ചിലെ ടെൻഡറിൽ ക്വാട്ട് ചെയ്തിരുന്നത്. ഉയർന്ന നിരക്കാണെന്ന് മനസിലാക്കി മേയറുടെ നിർദ്ദേശപ്രകാരം കോർപ്പറേഷൻ ഈ ടെൻഡർ റദ്ദാക്കുകയായിരുന്നു.
ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണം

ഡെങ്കിപ്പനി പ്രതിരോധത്തിന് പ്രത്യേകപദ്ധതി തയ്യാറാക്കണമെന്ന് ഹെൽത്ത് ഓഫീസർക്ക് മേയർ നി‌ർദ്ദേശം നൽകി. മാമംഗലം ഡിവിഷനിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും നിരവധിപേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ചെയ്ത സംഭവത്തിൽ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്ന കൗൺസിലർ മിനിമോളുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മേയർ.

പള്ളുരുത്തി സോണൽ ഓഫീസിലെ ഉദ്യോഗസ്ഥയോട് സഹപ്രവർത്തകൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും മേയർ പറഞ്ഞു. റസിഡൻഷ്യൽ ബിൾഡിംഗ് വാണിജ്യ സമുച്ചയമാക്കുന്നതിൽ ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങി അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും മേയർ ഇത് ശ്രദ്ധിക്കണമെന്നും മിനിമോൾ പറഞ്ഞു.