പറവൂർ: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴിമാറ്റിയ നവവധു പൊലീസ് നടപടികൾക്കു പിന്നാലെ ഡൽഹിക്ക് മടങ്ങി. ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് അവർ മജിസ്ട്രേറ്റിന് മൊഴി നൽകി.
യുവതിയെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് അച്ഛനും ബന്ധുക്കളും വടക്കേക്കര പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങിവരാൻ പിതാവ് നിർദ്ദേശിച്ചിട്ടും യുവതി വഴങ്ങിയില്ല.
പീഡനക്കേസിൽ ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ നിരപരാധിയാണെന്നും വീട്ടുകാരുടെ നിർബന്ധത്താലാണ് പീഡന പരാതി നൽകിയതെന്നും കാട്ടി യുവതി വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. തുടർന്ന് യുവതിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകി. യുവതി ഹാജരായതിനാൽ കേസ് തീർപ്പാക്കിയെന്ന് പൊലീസ് അറിയിച്ചു.