കോതമംഗലം: ന്യൂനപക്ഷങ്ങൾക്കായി രാഷ്ട്രീയ പ്രീണനം നടത്തുന്നതിനെതിരെ പ്രതികരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ പറഞ്ഞു. യൂണിയൻ ഓഫീസിൽ സംയുക്ത ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകർത്താക്കളെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തെറ്റു ചൂണ്ടിക്കാണിക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ. ഇതിനെതിരെ രാഷ്ട്രീയമായോ അല്ലാതെയോ നടത്തുന്ന വിമർശനങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് കരുത്തുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ മുസ്ലീം പ്രതിനിധി ഇല്ലെന്ന് ചാനലിൽ വന്നിരുന്ന് വിളിച്ചു പറയുന്ന രാഷ്ട്രീയക്കാർക്കെതിരെ യാതൊരു പ്രതിഷേധവും കാണിക്കാത്തവർ വെള്ളാപ്പള്ളി നടേശൻ പറഞ്ഞാൽ വർഗീയതയും ജാതീയതയും കാണുന്നത് ഇരട്ടത്താപ്പാണ്.
പിന്നാക്ക ജനവിഭാഗങ്ങളുടെ ആവശ്യങ്ങളും ആകുലതകളും പറയാൻ വെള്ളാപ്പള്ളി നടേശനല്ലാതെ മറ്റൊരു നേതാവില്ല. അവകാശങ്ങൾ ചോദിക്കുമ്പോൾ അധിക്ഷേപിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അജി നാരായണൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. സോമൻ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിൽ അംഗങ്ങളായ പി.വി. വാസു, എം.വി. രാജീവ്, ടി.ജി. അനി, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ എം.ബി. തിലകൻ, വനിതാസംഘം പ്രസിഡന്റ് സതി ഉത്തമൻ, സെക്രട്ടറി മിനി രാജീവ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അജി, സെക്രട്ടറി സജി. കെ.ജെ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ. ചന്ദ്രബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു.