ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം അണ്ടിക്കമ്പനി കവലയിൽ പഴയ ഗോഡൗൺ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തി മത്സ്യമാർക്കറ്റ് തുറന്ന വിഷയത്തിൽ ഗ്രാമപഞ്ചായത്ത് നിലപാടുകളിൽ നിന്ന് പിന്നാക്കം പോയതായി സംശയം.

പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഭിത്തി പൊളിച്ച് ഷട്ടറുകൾ സ്ഥാപിച്ചതെന്നും മത്സ്യമാർക്കറ്റ് തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്നും വെള്ളിയാഴ്ച വ്യക്തമാക്കിയ പഞ്ചായത്ത് സെക്രട്ടറി ഇന്നലെ നിലപാട് മാറ്റി. ഷട്ടർ സ്ഥാപിക്കാൻ അനുവദിച്ചിട്ടില്ലെങ്കിലും മത്സ്യമാർക്കറ്റ് ആരംഭിക്കാൻ അപേക്ഷ ലഭിച്ചെന്നാണ് സെക്രട്ടറിയുടെ പുതിയ പ്രതികരണം. ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു. ഇതും പാഴ്‌വാക്കായി. അതേസമയം കെട്ടിടത്തിൽ മത്സ്യമാർക്കറ്റിന് പുറമെ ഇന്നലെ അറവുശാലകൂടി തുറക്കുന്ന കാഴ്ച്ചയാണ് നാട്ടുകാർ കണ്ടത്.

ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും നിലപാട് മാറ്റാൻ കാരണമെന്നാണ് ആക്ഷേപം. പച്ചക്കറിയും മത്സ്യവും മാംസവുമെല്ലാം ഒരുമിച്ച് കിട്ടുന്ന സ്ഥാപനം വേണമെങ്കിലും ഇത്തരത്തിൽ അനധികൃതമായും അപകടാവസ്ഥയിലും കച്ചവടം അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിയമവിരുദ്ധമായ നിർമ്മാണം നടത്തിയ കെട്ടിടത്തിൽ മത്സ്യ - മാംസ കച്ചവടം നടത്തിയിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ മന്ത്രിമാർക്കും സെക്രട്ടറിക്കും പരാതി നൽകും.

വി.ടി. സതീഷ്

പ്രസിഡന്റ്

കേരള സാംസ്കാരിക പരിഷത്ത്