കൊച്ചി: നഗരത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണത്തിന് കരാർ നീട്ടി നൽകിയതിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും മേയറുടെ മുൻകൂർ അനുമതിയോടെ ജനുവരിയിൽ കാലാവധി അവസാനിച്ച കമ്പനിക്ക് കരാർ നീട്ടി നൽകിയതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷനുണ്ടായതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഹെൻട്രി ഓസ്റ്റിൻ ആരോപിച്ചു.

മേയറുടെ മുൻകൂർ അനുമതിയോടെയാണ് കരാർ നീട്ടിയത്. എന്നാൽ തൊട്ടടുത്ത കൗൺസിലിൽ വിഷയം അജണ്ടയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടുത്തിയിരുന്നില്ല. നാല് മാസത്തിനിപ്പുറം വൈകിയെത്തിയ അജണ്ടയിലെ മുൻകൂർ അനുമതി ആവശ്യം അനുവദിക്കാനാവില്ലെന്ന് മേയർ പറഞ്ഞു. മേയറേയും കൗൺസിലിനെയും ഇരുട്ടിൽ നിറുത്തി ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആരോഗ്യ സമിതി അംഗീകാരം നൽകിയെന്ന ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാനാകില്ല. ഫെബ്രുവരി 17ന് പാസായ ടെൻഡർ പരിശോധിച്ച ശേഷം വിഷയം അടുത്ത കൗൺസിലിൽ അജണ്ടയായി കൊണ്ടുവരാനും ആരോഗ്യ സമിതിക്ക് മേയർ നിർദ്ദേശം നൽകി.

കരാർ അവസാനിച്ചത്- ജനുവരി 24

പുതിയ കരാറിന് ടെൻഡർ ക്ഷണിച്ചത്- ഫെബ്രുവരി 17
ആലുവ, മരട് പ്ലാന്റുകളിൽ നിന്ന് വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതിനായിരുന്നു കരാർ

കരാറിൽ പങ്കെടുത്ത സ്റ്റാർ കൺസ്ട്രക്ഷൻ എന്ന കമ്പനി ക്വാട്ട് ചെയ്ത തുക- 9122 രൂപ

റ്റൊരു കമ്പനി ക്വാട്ട് ചെയ്തത്- 9330 രൂപ

പഴയ കമ്പനി ജല വിതരണം നടത്തിയ തുക- 9590 രൂപ

പുതിയ ടെൻഡർ ലഭിക്കാത്തതിനാൽ നഷ്ടമായത്- 468