
കൊച്ചി: ഒരുവർഷത്തെ ചിട്ടയായ പ്രവർത്തനവും അവലോകനവും എറണാകുളം ജനറൽ ആശുപത്രിയിലെ മാലിന്യത്തെ പടിക്ക് പുറത്താക്കി. ഇപ്പോൾ ആശുപത്രി ക്ലീനോട് ക്ലീൻ... മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതോടെ പുത്തൻ മാതൃക കൈയടി നേടുകയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമാണ് ആശുപത്രിയെ തേടിയെത്തിയത്. സൂപ്രണ്ട് ഡോ. ഷഹീർ ഷായുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
2023 ജനുവരി 26 മുതലാണ് പദ്ധതികൾക്ക് തുടക്കം. പരിസരം, റൂമുകൾ, വാർഡുകൾ എന്നിവിടങ്ങളിലെ പതിവ് ക്ലീനിംഗ് രണ്ടിൽ നിന്ന് മൂന്ന് തവണയാക്കി. കൂടാതെ മാസത്തിൽ ഒരു ദിവസം പരിസരമുൾപ്പെടെ വൃത്തിയാക്കാൻ ജീവനക്കാരൊന്നാകെ ഇറങ്ങി. രണ്ടു ദിവസത്തിലൊരിക്കൽ കെട്ടിടങ്ങളിലെ വിവിധ നിലകൾ കഴുകി വൃത്തിയാക്കുന്നുണ്ട്. ഐ.സി.യുവും ഓപ്പറേഷൻ തിയറ്ററും നിശ്ചിത സമയക്രമത്തിൽ രോഗാണു പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.
മെഡിക്കൽ മാലിന്യങ്ങളുടെ സംസ്‌കരണം
ബയോമെഡിക്കൽ മാലിന്യങ്ങളും മെഡിക്കൽ മാലിന്യങ്ങളും കൃത്യമായി തരംതിരിച്ച് സംസ്കരിക്കും. മുൻപ് 800കിലോ ആയിരുന്നു ആശുപത്രിയിലെ ഭക്ഷണമാലിന്യം. ഇപ്പോഴത് 400കിലോയിലും താഴെയായി. രോഗികൾക്ക് സ്‌പെഷ്യൽ ഡയറ്റ് തീരുമാനിച്ച് ഭക്ഷണം വിളമ്പി നൽകി. കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി നൽകാനുള്ള ക്രമീകരണങ്ങളൊരുക്കി. പുറമേ നിന്നുള്ള ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തിയതോടെ മാലിന്യം കുറഞ്ഞു.
മികവിന് അംഗീകാരം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, ആശുപത്രികൾ ഇവയിൽ നിന്ന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സ്ഥാപങ്ങൾക്കാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നൽകിയത്. 75 ഘടകങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. അതിൽ പ്രധാനമായിരുന്നു മാലിന്യമുക്തമായ ആശുപത്രി കെട്ടിടവും പരിസരവും. മുമ്പ് അഞ്ചുവട്ടം പുരസ്‌കാരം ജനറൽ ആശുപത്രി നേടിയിരുന്നെങ്കിലും 2017നു ശേഷമാണ് പുരസ്കാരം തിരിച്ചെത്തിച്ചത്.
കമ്പോസ്റ്റ്...
ആശുപത്രിജന്യ ജൈവമാലിന്യങ്ങളെ എയ്‌റോബിക് കമ്പോസ്റ്റിലൂടെയും വിൻഡ്രോ കമ്പോസ്റ്റിലൂടെയും ബയോഗ്യാസ് പ്ലാന്റിലൂടെയും വളമാക്കിമാറ്റി. ആശുപത്രികളിലെയും സുഭാഷ് പാർക്കിലെയും ചെടികൾക്ക് വളം ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് 5 വിവിധ ക്യാറ്റഗറിയായി തിരിച്ച് അംഗീകൃത ഏജൻസി മുഖാന്തരം പുനഃരുപയോഗിക്കും. ആശുപത്രി ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കും.
ആശുപത്രി വളപ്പ് പൂർണമായും മാലിന്യമുക്തമാക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ വിജയിച്ചതിൽ സന്തോഷം
ഡോ. ഷഹീർ ഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി