 
നെടുമ്പാശേരി: സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാവരുമായും യോജിച്ച് മുന്നോട്ടു പോകുമെന്ന് കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ ജോർജ് കുര്യൻ പറഞ്ഞു. ജനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സംസാരിച്ചാകും വികസനകാര്യങ്ങളിൽ തീരുമാനമെടുക്കുക.
മുതലപ്പൊഴി വിഷയം വിശദമായി പരിശോധിക്കും. മത്സ്യത്തൊഴിലാളികളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായം തേടും. സ്ഥലം സന്ദർശിക്കും. സംസ്ഥാന സർക്കാർ തയാറാക്കുന്ന പദ്ധതി രേഖയും പരിശോധിച്ച് തീരുമാനമെടുക്കും.
മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രയ്ക്ക് അനുമതി നൽകാതിരുന്നത് കഴിഞ്ഞ കാര്യമാണ്. വിദേശകാര്യ വകുപ്പ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
താളമേളങ്ങളുടെ അകമ്പടിയോടെയാണ് ബി.ജെ.പി പ്രവർത്തകർ മന്ത്രിയെ സ്വീകരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.