പറവൂർ: മൂത്തകുന്നം ഗവ. എൽ.പി സ്‌കൂൾ പുതിയ സ്ഥലത്ത് നിർമ്മിക്കാൻ പ്രത്യേക അനുമതി ലഭിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ കുറച്ചു സ്‌ഥലം വിട്ടുനൽകിയിരുന്നു. നിലവിലെ സ്കൂളിൽ സ്ഥലപരിമിതിയുള്ളതിനാൽ മടപ്ലാതുരുത്തിൽ ആറുകാട്ട് സുരേഷ്‌കുമാറിന്റെ 34 സെന്റ് സ്ഥലം പുതിയ സ്‌കൂൾ നിർമ്മാണത്തിനായി കണ്ടെത്തി. പുതുതായി കണ്ടെത്തിയ 34 സെന്റും നിലവിലുള്ള 21 സെന്റും ചേർത്ത് 55 സെന്റിൽ സ്‌കൂൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതിന്റെ വിശദവിവരങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നു. എൽ.പി സ്‌കൂൾ പ്രവർത്തിപ്പിക്കാൻ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം 98 സെന്റ് സ്‌ഥലം വേണമെന്നാണ് നിബന്ധന. ഇക്കാര്യത്തിലാണ് പ്രത്യേക ഇളവ് ലഭിച്ചത്. നിലവിലെ വിദ്യാലയത്തിന്റെ സ്‌ഥലം ഏറ്റെടുത്തപ്പോൾ ദേശീയപാത അതോറിറ്റി കെട്ടിവച്ച 1,12,14,847 രൂപയും വടക്കേക്കര പഞ്ചായത്ത് നൽകുന്ന 18,49,566 രൂപയും ഉടമയ്ക്ക് നൽകി റവന്യൂ വകുപ്പ് സ്‌ഥലം സർക്കാരിന്റെ ഉടമസ്‌ഥതയിലാക്കും. തുടർന്ന് സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നത് ആവശ്യമായ തുക എം.എൽ.എയുടെ ആസ്തി വികസന സ്ക‌ീമിൽ നിന്ന് നൽകുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.