
ആലുവ: മതിൽ തുളച്ച് അഞ്ച് പൈപ്പുകൾ സ്ഥാപിച്ച് സ്വകാര്യ വ്യക്തി ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയുയർന്നിട്ടും നഗരസഭയും ആരോഗ്യവകുപ്പും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
ബസിൽ നിന്ന് ഇറങ്ങുന്നവർ മലിന ജലത്തിലൂടെ നടന്നുവേണം സ്റ്റാൻഡിന് അകത്തേയ്ക്കും പുറത്തേക്കും കടക്കാൻ. നാല് ഇഞ്ച് വലുപ്പമുള്ള പൈപ്പുകളാണ് സ്റ്റാൻഡിന്റെ മതിൽ തുളച്ച് വച്ചിരിക്കുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ സമീപത്തെ കച്ചവടക്കാരും ദുരിതത്തിലാണ്. ദിവസവും രാവിലെയാണ് മോട്ടോർ ഉപയോഗിച്ച് മലിനജലം ഒഴുക്കുന്നത്. ഇവിടെ കാന ഇല്ലാത്തതിനാൽ മലിനജലം സ്റ്റാൻഡിൽ ഒഴുകിപ്പരക്കുകയാണ്. ദുർഗന്ധം അധികമാകുമ്പോൾ ഇതിൽ മണ്ണെണ്ണ ചേർക്കുന്നതായും നിരവധി തവണ പരാതിപ്പെട്ടിട്ടും നഗരസഭ അധികൃതർക്ക് അനക്കമില്ലെന്നും വ്യാപാരികളും യാത്രക്കാരും പറയുന്നു.