വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിൽ വലിയ അപകടങ്ങൾക്ക് കാരണമായ കണ്ടെയ്‌നർ ലോറികളുടെ അനധികൃത യാത്ര സി.പി. എം, ഡി.വൈ.എഫ്. ഐ. പ്രവർത്തകർ തടഞ്ഞു. വെള്ളിയാഴ്ച രാത്രി 11 ന് അപകടകരമായ നിലയിൽ പാഞ്ഞെത്തിയ കണ്ടെയ്‌നർ ലോറി ചെറായി ദേവസ്വംനടയിൽ ഏരിയ സെക്രട്ടറി എ.പി. പ്രിനിലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. സംസ്ഥാനപാതയിലൂടെ വടക്കോട്ട് പോകാൻ ശ്രമിച്ച ഏഴ് ലോറികളുംതടഞ്ഞു. പിന്നീട് ലോറികൾ വല്ലാർപാടം ഭാഗത്തേക്ക് തന്നെ തിരിച്ചയച്ചു. സംസ്ഥാനപാതയിൽ കണ്ടെയ്‌നർ ലോറികൾ കടക്കാൻ അനുവദിക്കില്ലെന്ന് പ്രിനിൽ പറഞ്ഞു. കഴിഞ്ഞദിവസം നായരമ്പലത്ത് ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഓട്ടോ ഡ്രൈവർ രഞ്ജിത് ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ.വി. നിജിൽ, കെ.എസ്. ദിൻരാജ്, എൻ.എസ്. സൂരജ്, വി.ബി. സേതുലാൽ, കെ.എസ്. സജീഷ് എന്നിവരും പ്രിനിലിന് ഒപ്പമുണ്ടായിരുന്നു.