വൈപ്പിൻ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയകാരണം അതിരുവിട്ട മുസ്ലിം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച മുസ്ലിം സംഘടനാ നേതാവിന്റെ നീക്കം കൈവിട്ട കളിയാണെന്ന് എസ്എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ മുന്നറിയിപ്പ് നൽകി.

ഭൂരിപക്ഷത്തിന് ലഭിക്കാത്ത പല ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ. നട്ടെല്ലുള്ള സമുദായ നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളി ഇത്തരം വിവേചനങ്ങൾ വിളിച്ചു പറയുമ്പോൾ അസഹിഷ്ണതയോടെ അദ്ദേഹത്തെ ആക്ഷേപിക്കുന്നവരാണ് വർഗീയവാദികൾ. മതത്തിന്റെ പേരിൽ സംഘടിച്ച് എം.എൽ.എ.യും എം.പി.യും മന്ത്രിയും ആകുന്നവർ ജാതി പറഞ്ഞ് വെള്ളാപ്പള്ളിയുടെ നേർക്ക് തിരിയുന്നത് വിരോധാഭാസമാണ്. മെക്കിട്ട് കയറാൻ വന്നാൽ ഉശിരുള്ള സമുദായ സ്‌നേഹികൾ ചെറുക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ , യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കൗൺസിലർമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു.