കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇനി തീപിടിത്തത്തിനുള്ള സാദ്ധ്യത തീരെ കുറവാണെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നടപ്പാക്കിയ പദ്ധതി വൻമാറ്റമുണ്ടാക്കി. പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ബി.എസ്.എഫ് സംസ്‌കരണ യൂണിറ്റുകൾ നിശ്ചയിച്ച സമയത്തുതന്നെ പ്രവർത്തനമാരംഭിച്ചു. വിൻഡ്രോ മാലിന്യപ്ലാന്റും സ്ഥാപിക്കാൻ സർക്കാർ അനുമതിയായി. ഇതോടൊപ്പം ബി.പി.സി.എൽ മാലിന്യ സംസ്‌കരണപ്ലാന്റും നിർമാണം പുരോഗമിക്കുന്നു.
കൊച്ചി നഗരത്തിന്റെ മാത്രമല്ല സമീപ നഗരസഭകളുടെയും പഞ്ചായത്തുകളുടെയും മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന ഒന്നായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. തീ പിടിത്തത്തെ തുടർന്ന് വിവാദമായ കമ്പനിയെ മാറ്റി ബ്രഹ്മപുരത്ത് ബയോമൈനിംഗ് ചെയ്യാൻ ഭൂമി ഗ്രീൻ എനർജി കമ്പനിയുമായി നഗരസഭ കഴിഞ്ഞ നവംബറിൽ കരാറിൽ ഏർപ്പെട്ടു.
8.40 ലക്ഷത്തോളം ടൺ പഴയമാലിന്യം (ലഗസി വേസ്റ്റ്) ഉണ്ടെന്നാണ് കണക്ക്.
ഫയർ, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ മെട്രോളജി എന്നിവരിൽ നിന്നുള്ള അനുമതികൾ നേടിയശേഷം കഴിഞ്ഞ ജനുവരി 15നാണ് ബയോമൈനിംഗ് പ്രവൃത്തികൾ ഭൂമി ഗ്രീൻഎനർജി ആരംഭിച്ചത്. ദിവസവും 3000 മെട്രിക് ടൺ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധാനങ്ങൾ ഇവിടെയുണ്ട്. ഭൂരിഭാഗം സംസ്‌കരണവും യന്ത്രസംവിധാനത്തിലൂടെ തന്നെയാണ് നിർവഹിക്കുന്നത്. കഴിഞ്ഞദിവസം വരെയുള്ള കണക്കുപ്രകാരം 4.10ലക്ഷം മെട്രിക്‌ടൺ പഴയ മാലിന്യങ്ങൾ സ്റ്റെബിലൈസേഷൻ നടപടികൾ പൂർത്തിയാക്കുകയും 2.93 ലക്ഷം മെട്രിക് ടൺ പൈതൃകമാലിന്യങ്ങൾ സംസ്‌കരിക്കുകയും ചെയ്തു. 41504 മെട്രിക്‌ടൺ ആർ.ഡി.എഫ് വിവിധ സംസ്ഥാനങ്ങളിലെ സിമന്റുഫാക്ടറികളിലേക്ക് കയറ്റി അയച്ചു.1360 ട്രക്ക് മാലിന്യമാണ് ഇതുവരെ കൊണ്ടുപോയത്. 2025 മേയിൽ ബയോമൈനിംഗ് പൂർത്തീകരിക്കുമെന്ന് ഭൂമി എനർജി പ്രതിനിധി പറഞ്ഞു.