ആലുവ: രണ്ട് വയസുകാരന്റെ വൻകുടൽ തകരാർ റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം. വൻകുടലിൽ ചലിക്കുന്ന ഞരമ്പുകളുടെ അഭാവത്തെ തുടർന്ന് മലം വൻകുടലിൽ തങ്ങി നിൽക്കുന്ന ഹിർഷ്‌‌സ്‌പ്രംഗ്സ് എന്ന രോഗാവസ്ഥയാണ് കേരളത്തിൽ ആദ്യമായി റോബോട്ടിക് സർജറിയിലൂടെ പരിഹരിച്ചത്. പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനു നേതൃത്വം നൽകി.

നവജാത ശിശുക്കളിലാണ് സാധാരണയായി ഹിർഷ്‌‌സ്‌പ്രംഗ്സ് രോഗം കണ്ടെത്താറുള്ളത്. മലവിസർജ്ജനത്തിന് തടസം നേരിടുന്നതാണ് ലക്ഷണം. വയറിലെ വീക്കം, മലബന്ധം, ക്ഷീണം എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ രാജഗിരിയിലെത്തിച്ചത്. വിദഗ്‌ദ്ധ പരിശോധനയിൽ വൻകുടലിലെ ചലിക്കാത്ത പേശികളാണ് മലബന്ധത്തിനും അണുബാധയ്‌ക്കും ഇടയാക്കിയതെന്ന് വ്യക്തമായി. ചെറിയ മുറിവിലൂടെ വൻകുടലിലെ ചലിക്കാത്ത പേശികൾ മുറിച്ച് മാറ്റി മലദ്വാരവുമായി സംയോജിപ്പിക്കാൻ റോബോട്ടിക് സർജറി സഹായകമായെന്ന് ഡോ. വിനീത് ബിനു പറഞ്ഞു. നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുട്ടി മടങ്ങി.