road

നെടുമ്പാശേരി: ശക്തമായ കാറ്റിൽ ചെങ്ങമനാട്‌ - പൊയ്ക്കാട്ടുശ്ശേരി റോഡിൽ ചെങ്ങമനാട് മിൽമയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം കടപുഴകി റോഡിൽ വീണു. കാറിൽ സഞ്ചരിക്കുകയായിരുന്ന മാള സ്വദേശി ഷഫീഖ് തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ഷഫീഖിന്റെ വാഹനം കടന്നതിന് പിന്നാലെയാണ് മരം വീണത്. അപകട സമയത്ത് മറ്റ് വാഹനങ്ങളും കാൽനട യാത്രികരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുത്തനെ വളവോട് കൂടിയ ഇറക്കവും കയറ്റവുമുള്ള തിരക്കേറിയ റോഡിലാണ് മരം വീണത്. സംഭവം ഷഫീഖ് അമ്പലനട കവലയിലെ യുവാക്കളെ അറിയിച്ചതിനെ തുടർന്ന് മുൻ ഗ്രാമപഞ്ചായത്തംഗം സജികുമാറിന്റെ നേതൃത്വത്തിലാണ് റോഡിന് കുറുകെ കിടന്ന മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ വീണതിനാൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു. സംഭവമറിഞ്ഞ് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു. സരസ്വതി സ്‌കൂളിന് സമീപത്തെ കുളവൻകുന്ന് റോഡിലും കാറ്റിൽ മരം കടപുഴകി വീഴുകയുണ്ടായി.