 
മൂവാറ്റുപുഴ: തുടർച്ചയായി അപകടമൊരുക്കി ചെറുവട്ടൂർ -പായിപ്ര റോഡിലെ സമഷ്ടിപ്പടി ജംഗ്ഷൻ വളവിലെ വെള്ളക്കെട്ട് ഭീഷണിയാകുന്നു. കാനകൾ നിറഞ്ഞുകവിയുന്നതിന് പുറമെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് നിരന്തരം പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നതും അപകടകാരണമാകുന്നു. നിരന്തരം പരാതി ഉയർന്നിട്ടും പി.ഡബ്ല്യൂ.ഡി, വാട്ടർ അതോറിറ്റി, തദ്ദേശ ഭരണസ്ഥാപന അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ആറ് മാസത്തിനിടെ ഇരുപതോളം ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ നടന്നത്. ചെറുവട്ടൂർ -പായിപ്ര റോഡിന് 4 കിലോമീറ്റർ ദൂരമാണുളളത്. പായിപ്ര കവലമുതൽ കക്ഷായിപ്പടിവരെയുളള 3കിലോമീറ്റർ ദൂരത്തിലാണ് കൂടുതൽ വളവുകളും ഇരുവശങ്ങളിലായി തോടുകളും ഉള്ളത്. ഇതിൽ സമഷ്ടിപ്പടി വളവിലാണ് തുടർച്ചയായി അപകടമുണ്ടാകുന്നത്. ഡ്രെെവർമാർക്ക് തൊട്ടടുത്തുവരുമ്പോൾ മാത്രമാണ് കൊടും വളവും വെള്ളക്കെട്ടും കാണാൻ കഴിയുന്നത്. റോഡ് നിർമ്മാണം നടത്തുമ്പോൾ വളവുകൾ ഒഴിവാക്കണമെന്നും ഓട നിർമ്മാണം നടത്തണമെന്നും റോഡിന്റെ ഇരുസെെഡുകളിലും ഒരു മീറ്റർ വീതം കോൺക്രീറ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും നടപ്പാക്കിയില്ല. അപകട മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. സ്വകാര്യബസുകളും ടിപ്പറുകളും ഉൾപ്പെടെ ആയിരത്തിലധികം ചെറുതും, വലുതമായ വാഹനങ്ങളാണ് ദിവസവും ഇതിലൂടെ കടന്നുപോകുന്നത്.
കൊടും വളവ് നേരെയാക്കുകയും ഓട നിർമ്മാണം പൂർത്തീകരിക്കകയും കുടിവെള്ളപൈപ്പ് പൊട്ടാത്ത വിധം സുരക്ഷിതമായി സ്ഥാപിക്കുകയും ചെയ്താൽ സമഷ്ടി ജംഗ്ഷനിലെ അപകടം ഇല്ലാതാക്കുവാൻ കഴിയും. ഈ നിർദ്ദേശങ്ങൾ അടങ്ങിയ പരാതി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്.
എം.ആർ. ബിനു
പൊതുപ്രവർത്തകൻ