മൂവാറ്റുപുഴ: തടിലോറി മറിഞ്ഞ് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തോടെ കോട്ടറോഡിലെ ടാങ്ക് കവലയിലെ അപകടവളവ് നിവർത്തണമെന്ന ആവശ്യം ശക്തമായി. കല്ലൂർക്കാട് നിന്ന് മൂവാറ്റുപുഴയ്ക്ക് വരുമ്പോൾ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന ഭാഗത്തുള്ള ടാങ്ക് കവലയ്ക്ക് സമീപമുള്ള വളവാണ് അപകടക്കെണിയൊരുക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് വളവ് നിവർത്തിയാൽ അപകടം ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച്നിരന്തരം നാട്ടുകാർസമരം നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് പറയുന്നു. നിരവധി ചെറുവാഹനങ്ങളാണ് ദിവസവും അപകടത്തിൽപെടുന്നത്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. താഴെ നിന്ന് നോക്കിയാൽ ഒരു കുന്നിന്റെ മുകളിൽ നിന്ന് വാഹനങ്ങൾ താഴോട്ട് ഇറങ്ങുന്ന പ്രതീയിലാണ് കാണാനാകുക. ഇവിടെ റോഡ് വീതികൂട്ടി കൊടും വളവ് ഒഴിവാക്കണമെങ്കിൽ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കണം.അതിന് തയ്യാറാല്ലാത്തതാണ് അപകടം തുടരുവാൻ കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
15.75- കിലോമീറ്റർ വരുന്ന കോട്ടറോഡ്
കൊച്ചി-മധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75- കിലോമീറ്റർ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ - തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ പ്രധാന കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം പുനർനിർമിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം റോഡ് ലവൽ ചെയ്യുന്നതിന്റെ ഭാഗമായി റോഡിലെ കയറ്റങ്ങളെല്ലാം തന്നെ ലെവൽ ചെയ്യണമായിരുന്നു. ഡി.ബി.എം ആൻഡ് ബി.സി.നിലവാരത്തിൻ ഏഴ് മീറ്റർ വീതിയിൽ ടാർ ചെയ്തിട്ടുള്ളത്. എന്നാൽ ടാങ്ക്കവലയ്ക്ക് സമീപമുള്ള കയറ്റവും വളവും അങ്ങനെ തന്നെ നിലനിർത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയതിനാൽ ഇവിടം അപകടമുനമ്പായി മാറിയതെന്ന് പ്രദേശവാസികൾ പറയുന്നു.
....................................................
മൂവാറ്റുപുഴ- കല്ലൂർക്കാട് കോട്ടറോഡിലെ അപകട വളവ് അടിയന്തരമായി നിവർത്തി തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങൾ ഇല്ലാതാക്കണം. ആവശ്യമായ സ്ഥലം മുഖം നോക്കാതെ തന്നെ എടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഇനിയും ഇവിടെ അപകടമുണ്ടായാൽ ഒരാളുടെ പോലും മരണത്തിനിടയാകുന്ന സാഹചര്യം ഉണ്ടാതെ നോക്കുവാൻ പൊതുമരാമത്തുവകുപ്പും കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും തയ്യാറാകണം.
ജോസ് ജേക്കബ്,
കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറി സെക്രട്ടറി