h

ചോറ്റാനിക്കര: ഒരു ഗ്രാമത്തിന്റെ ശുദ്ധജല സ്രോതസ് കൂടിയായ ക്ഷേത്രക്കുളത്തിൽ നിറയെ പലവർണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങൾ! അഞ്ച് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പാമ്പ്ര കൊടുമ്പൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രമാണ് ഭക്തജനങ്ങൾക്ക് നയനാനന്ദ കാഴ്ച ഒരുക്കിയിരിക്കുന്നത്. പതിനായിരങ്ങൾ വില മതിക്കുന്ന അരോണ, റോഹു, കാർപ്പ്, തീർത്തും സസ്യ ബുക്കായ ഗ്രാസ് കാർപ്പ്, റെഡ് തിലോപ്പി, വൈറ്റ് ഷാർപ്പ്, കുബോട്ട തുടങ്ങിയ അലങ്കാര മത്സ്യങ്ങളാണ് ക്ഷേത്രക്കുളത്തിൽ നീന്തിത്തുടിക്കുന്നത്.

പുറത്തൂർ മന വക ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്രഭൂമി അന്യാധീനപ്പെട്ടപ്പോൾ ഉടമസ്ഥർ ഉപേക്ഷിച്ചു. ജീർണ്ണാവസ്ഥയിലായ ക്ഷേത്രം നാട്ടുകാർ ഏറ്റെടുത്ത് ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു. മഹാവിഷ്ണുവിന്റെ മത്സ്യാവതാരത്തെ പൂജിക്കുന്നതിന് തുല്യമായാണ് ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങളെ വളർത്തുന്നത്. ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് പിതൃ സങ്കല്പവും ഭൂതസങ്കല്പവും എന്നാണ് ഹൈന്ദവ വിശ്വാസം. ആ വിശ്വാസത്തെ മുൻനിർത്തിയാണ് ഒരു വർഷം മുമ്പ് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഒ.എ മണിയുടെ നേതൃത്വത്തിൽ കുളത്തിൽ അലങ്കാര മത്സ്യങ്ങൾ വളർത്തി മീനൂട്ട് വഴിപാട് നടത്താൻ തീരുമാനിച്ചത്. കുറച്ച് മീനുകൾ അദ്ദേഹം വാങ്ങി നിക്ഷേപിച്ചു.ഒരു കിലോ അലങ്കാര മത്സ്യങ്ങളെ ക്ഷേത്രത്തിന് മറ്റൊരാൾ നൽകി. തുട‍ർന്ന് ₹30 രൂപ നിരക്കിൽ മീനൂട്ട് വഴിപാട് ഏർപ്പെടുത്തി. വ്യാഴാഴ്ചയും ഞായറാഴ്ചയും മാത്രം പൂജയുള്ള ക്ഷേത്രത്തിൽ അലങ്കാര മത്സ്യങ്ങളെ കാണാനും മീനൂട്ട് നടത്താനും അനേകം ഭക്തജനങ്ങളാണ് എത്തുന്നത്. മാർച്ച് മാസത്തിൽ ഉത്സവവും പ്രത്യേക മീനൂട്ട് വഴിപാടും നടത്താറുണ്ട്.

മീൻ വളർത്തൽ യുവ തലമുറയ്ക്ക് ഹോബി ആണ്. ഭക്തജനങ്ങളുടെ മനസ്സ് ശാന്തമാക്കുക,​ ക്ഷേത്രത്തിന് ചുറ്റും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുക,​ കുട്ടികൾക്ക് പ്രകൃതിയിലെ ജീവജാലങ്ങളെ അടുത്തറിയാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ഷേത്രക്കുളത്തിൽ അലങ്കാര മത്സ്യങ്ങളെ വളർത്താൻ തീരുമാനിച്ചത്.

ഒ.എ മണി

ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്

ക്ഷേത്രത്തിലെ മറ്റു പ്രത്യേകതകൾ

ക്ഷേത്രത്തിലെ പൂജയ്ക്ക് ഉപയോഗിക്കുന്നത് അവിടെത്തന്നെ നട്ടുവളർത്തിയ ചെടികളിൽ നിന്നുള്ള പൂക്കൾ. ഇതിനായി പ്രത്യേക പൂന്തോട്ടം.

 ശ്രീകോവിലിൽ നിന്ന് ക്ഷേത്രക്കുളത്തിലേക്ക് വറ്റാത്ത നീരുറവ.

ക്ഷേത്രക്കുളത്തിലെ ജലം തദ്ദേശീയ കുടിവെള്ള പദ്ധതിയുടെ ഭാഗം കൂടിയാണ്. ഇതിൽ നിന്ന് എഴുപതോളം വീട്ടുകാർക്ക് കുടിവെള്ളം എത്തിക്കുന്നു.