
മട്ടാഞ്ചേരി: പ്ലാസ്റ്റിക് മാലിന്യ നീക്കം നിലച്ചതോടെ പശ്ചിമകൊച്ചിയിലെ തെരുവുകളിൽ മാലിന്യം നിറയുന്നു. ഒപ്പം കളക്ഷൻ പോയിന്റുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുകയാണ്.
നഗരസഭയുടെ ഫോർട്ട് കൊച്ചി സോണൽ ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടിയ അവസ്ഥയിലാണ്. മട്ടാഞ്ചേരി മേഖലാ ഓഫിസ് വളപ്പിന്റെ അവസ്ഥയും വ്യത്യസ്തമല്ല. വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളും നീക്കം ചെയ്തിട്ടില്ല.
അടിയന്തരമായി പശ്ചിമ കൊച്ചിയിൽ നിന്ന് പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് ആവശ്യം. മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യം ഉണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ഇവിടെ പ്ലാസ്റ്റിക് നിറയുന്നു
ഫോർട്ട് കൊച്ചി സോണൽ ഓഫീസ്
മട്ടാഞ്ചേരി ടൗൺ ഹാൾ മൂലംകുഴി
സാന്തോം കോളനി
മാനാശ്ശേരി സോണൽ ഓഫീസ്
മട്ടാഞ്ചേരി കോമ്പാറ മുക്ക്
പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കൊച്ചി നഗരസഭ നാളിതുവരെ യാതൊരു മുൻകൈയും എടുക്കാതെ നോക്കുകുത്തിയായി നിൽക്കുന്ന അവസ്ഥയാണ്. അടിയന്തരമായി പശ്ചിമ കൊച്ചിയിൽ നിന്ന് പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും.
അഡ്വ. ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്
കൊച്ചി നഗരസഭ