
പറവൂർ: പ്രണയാഭ്യാർത്ഥന നിരസിച്ച പെൺകുട്ടിയോട് മോശമായി പെരുമാറിയ സഹപാഠിയായ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊട്ടുപോയി ഉപദ്രവിച്ച കേസിൽ പെൺകുട്ടിയുടെ പിതാവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ. ചെറായി തൃക്കടപ്പള്ളി പുത്തൻപുരയ്ക്കൽ ജിജു (43), കല്ലൂർ വീട്ടിൽ ജിതിൻ (35), കടുവങ്കൽ വീട്ടിൽ ഹരിശങ്കർ (26) എന്നിവരാണ് അറസ്‌റ്റിലായത്. സ്‌കൂളിൽ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ ഇരുകൂട്ടരുടെയും രക്ഷിതാക്കൾ സംസാരിച്ചെങ്കിലും ഒത്തുതീർപ്പായില്ല. പ്രതികൾ കാറുമായി പറയകാട് ഭാഗത്തു വന്നശേഷം വിദ്യാർത്ഥിയെ ഫോണിൽ വിളിച്ച് എത്താൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പറയകാട് ഭാഗത്തെത്തിയ വിദ്യാർത്ഥിയെ പ്രതികൾ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി. സ്‌കൂളിൽ നിന്ന് ടി.സി വാങ്ങി പോകണമെന്ന് ആവശ്യപ്പെട്ട് കരണത്തടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വടക്കേക്കര പൊലീസ് വിദ്യാർത്ഥിയുടെ ഫോൺ ലൊക്കേഷൻ നോക്കി മുനമ്പത്ത് നിന്ന് പ്രതികളെ പിടികൂടി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. വിദ്യാർത്ഥിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പ്രതികളെ റിമാൻഡ് ചെയ്‌തു. ഇൻസ്പെക്‌ടർ കെ.ആർ. ബിജു നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.