ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ കുഞ്ചാട്ടുകര വേട്ടയ്ക്കൊരുമകൻ റേഡിന് സമീപം മുതുചാൽ പാടശേഖരത്തോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനധികൃത മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന് പരാതി. ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലാക്കിയും സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൂന്നിടത്തായി സംഭരിച്ചിരിക്കുകയാണ്. രാത്രിയിൽ വാഹനങ്ങളിലാണ് മാലിന്യം ഇവിടെ എത്തിക്കുന്നത്.
കടമ്പറയാറിലേക്കും ചിത്രപ്പുഴയിലേക്കും എത്തിച്ചേരുന്ന പ്രധാനപ്പെട്ട തോടാണ് മുതുചാൽ തോട്. പാടശേഖരത്തിലേക്കും സമീപത്തെ കിണറുകളിലേക്കും മാലിന്യങ്ങൾ ഒഴുകിയെത്തി കുടിവെള്ളവും മലിനമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചിലരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് പറഞ്ഞ് വിടുകയാണ് പഞ്ചായത്ത് ചെയ്തതെന്നും ആക്ഷേപമുണ്ട്.
ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി
മുതുചാൽ പാടശേഖരത്തിന് സമീപം അനധികൃത മാലിന്യ സംഭരണ കേന്ദ്രം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്ഥലം ഉടമക്കെതിരെ കേസെടുക്കുകയും മാലിന്യം കൊണ്ടുവന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും വേണം. പരാതിയെ തുടർന്ന് ചിലരെ വിളിച്ചുവരുത്തി താക്കീത് ചെയ്തുവിട്ടയച്ച നടപടി പ്രഹസനമാണെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതിഷേധിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, പഞ്ചായത്ത് പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ മുതിരക്കാട്ടുമുഗൾ, ഉണ്ണിക്കൃഷ്ണൻ അരിമ്പാശേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.