ചോറ്റാനിക്കര: തുടങ്ങാത്ത സൂപ്പർ മാർക്കറ്റിനെക്കുറിച്ചുള്ള തർക്കം ചോറ്റാനിക്കര സി.പി.എമ്മിലെ അന്തഛിദ്രം രൂക്ഷമാക്കി. ചോറ്റാനിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ഓഹരി പിരിച്ചെങ്കിലും രണ്ടുവർഷമായി പദ്ധതി അനങ്ങിയിട്ടില്ല. പാർട്ടിയിലും പഞ്ചായത്തിലും ഇതു സംബന്ധിച്ച പരാതികൾ വന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവുമായ എം. ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി ഓഫീസിൽ പ്രത്യേക യോഗം ചേർന്നു. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട്.
കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലുറപ്പാക്കാനെന്ന പേരിലാണ് രണ്ടുവർഷം മുമ്പ് വനിതാ മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്ത് കാര്യാലയത്തിലെ ഷോപ്പിംഗ് കോംപ്ലക്സിലെ 9 കടമുറികൾ ഇതിനായി ഒഴിപ്പിക്കുകയും ചെയ്തു.
പ്രതിഷേധവുമായി യു.ഡി.എഫ്
കുടുംബശ്രീയുടെ മറവിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് നീക്കമെന്നും നാളത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ കുറഞ്ഞ നിരക്കിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിലെ മുറികൾ നൽകാനുള്ള നീക്കത്തെ ചെറുക്കുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പാർട്ടിക്കുള്ളിലെ വ്യവസായികളെ സംരക്ഷിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ് കമ്മിറ്റി വിലയിരുത്തി.