കൊച്ചി: സംസ്ഥാനത്തെ പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ദുരവസ്ഥയ്ക്ക് കാരണം ഇടതു, വലതുസർക്കാരുകളുടെ അതിരുവിട്ട ന്യൂനപക്ഷ പ്രീണനമാണെന്ന യാഥാർത്ഥ്യം തുറന്നുപറഞ്ഞതിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്ഷേപിക്കുന്നവരെ അതേ നാണയത്തിൽ നേരിടുമെന്ന് യോഗം കണയന്നൂർ യൂണിയന് കീഴിലെ 66 ശാഖകളുടെയും സംയുക്തസമ്മേളനം പ്രഖ്യാപിച്ചു.

എസ്.എൻ.ഡി.പി യോഗത്തിന്റെയും ഈഴവസമുദായത്തിന്റെയും സംഘടിതശക്തിക്ക് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങളാണ്. അത് ഇഷ്ടപ്പെടാത്ത കൂട്ടർ എക്കാലത്തും അദ്ദേഹത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പിന്നാക്ക, പട്ടികവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ആരുടെയും മുഖത്തുനോക്കി വിളിച്ചുപറയുന്ന നേതാവാണ് അദ്ദേഹം. കേരളത്തിന്റെ പൊതുസമ്പത്ത് സംഘടിത വോട്ടുബാങ്കിന്റെ ബലത്തിൽ വെട്ടിപ്പിടിച്ചവരാണ് ഇപ്പോൾ ആദർശം പ്രസംഗിക്കുന്നത്. കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവേ നടത്തണമെന്ന വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഇക്കൂട്ടർ മുന്നോട്ടുവരാത്തതിന് കാരണം ഇതുതന്നെയാണെന്നും യോഗം വിലയിരുത്തി.

പൊതുവേദികളിൽ മതേതരത്വം പ്രസംഗിച്ചും സ്വന്തം സമുദായത്തിന്റെ വേദികളിൽ മതതീവ്രവാദം പ്രചരിപ്പിച്ചും നടക്കുന്നവരെ മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരാണിപ്പോൾ വെള്ളാപ്പള്ളിയെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ഇരട്ടമുഖമുള്ള മത, രാഷ്ട്രീയ നേതാക്കളെ തുറന്നുകാണിക്കുവാൻ യോഗം പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ഭാമ പത്മനാഭൻ, കൺവീനർ വിദ്യ സുധീഷ്, സൈബർസേന കൺവീനർ റെജി വേണുഗോപാൽ, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുരേഷ്, പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി എന്നിവർ സംസാരിച്ചു.