ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്നതിനിടെ അഗ്നിബാധയുണ്ടായി. തീകണ്ട ഉടനെ അണയ്ക്കാൻ കഴിഞ്ഞതിനാൽ ദുരന്തമൊഴിവായി. തിങ്കളാഴ്ച രാവിലെ ആറരയോടെ മേൽക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയിൽ പന്തീരടിപൂജയ്ക്ക് നിവേദ്യം ഒരുക്കുമ്പോഴാണ് അടുപ്പിൽനിന്നുള്ള തീ ആളിക്കത്തി മേൽക്കൂരയിലേക്ക് പടർന്നത്. മേൽക്കൂരയ്ക്ക് നേരിയ കേടുപാടുകളുണ്ടായി.

തിടപ്പള്ളിയിലേക്ക് ശാന്തിക്കാർക്കും കഴക്കാർക്കും മാത്രമേ പ്രവേശനമുള്ളൂ. വിറകുകൊണ്ടാണ് ഇവിടെ പാചകം. തീയും പുകയും പടർന്നപ്പോള്‍ ജീവനക്കാരും ഭക്തരും ചേർന്നാണ് പത്ത് മിനിറ്റിനകം തീ അണച്ചത്.

പന്തീരടി പൂജയായതിനാൽ കുറച്ചു ഭക്തർ മാത്രമേ നാലമ്പലത്തിന് അകത്തുണ്ടായിരുന്നുള്ളൂ. അല്പസമയം ദർശനം നിറുത്തിവച്ചു. നിവേദ്യം വീണ്ടും തയ്യാറാക്കി അർപ്പിച്ചശേഷം ഭക്തജനങ്ങൾക്ക് ബലിക്കൽപ്പുരവഴി മാത്രമാണ് ദർശനം അനുവദിച്ചത്.

തന്ത്രി പുലയന്നൂർ അനുജൻ നമ്പൂതിരിപ്പാടെത്തി പുണ്യാഹം നടത്തിയശേഷം ഉച്ചയോടെയാണ് നട വീണ്ടും തുറന്ന് നിയന്ത്രണങ്ങൾ മാറ്റിയത്.