ks-swaminathan
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിൽ യോഗത്തിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ സംസാരിക്കുന്നു

ആലുവ: സാമൂഹ്യ നീതിക്കായി പോരാടുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വാളെടുക്കുന്നവർ യഥാർത്ഥത്തിൽ അധ:സ്ഥിത വർഗങ്ങൾക്കെതിരെയാണ് സംഘടിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ മുന്നറിയിപ്പ് നൽകി.

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനം തുറന്നുപറയാൻ വെള്ളാപ്പള്ളി നടേശൻ കാണിച്ച ചങ്കൂറ്റമാണ് സാമൂഹ്യ നീതിക്കായി പൊരുതുന്ന പോരാളിയായി അദ്ദേഹം മാറാൻ കാരണം. സ്വത്തും അധികാരവും ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നതും ഭൂരിപക്ഷം കാഴ്ചക്കാരായി നിൽക്കുന്നതുമായ അവസ്ഥ തുറന്നു പറഞ്ഞതിനാണ് മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയ ശക്തികൾ വെള്ളാപ്പള്ളിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്.

എസ്.എൻ.ഡി.പി യോഗത്തിന്റെയും ഭൂരിപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെയും നേതാവായ വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിച്ച യൂണിയൻ, എതിർപ്പുകളെ ചെറുത്തുതോൽപ്പിക്കാൻ ശക്തമായി അണിനിരക്കുമെന്നും അറിയിച്ചു. താത്കാലിക ലാഭത്തിനായി മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന ഇരുമുന്നണികളുടെ നിലപാടുകളിൽ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവ് ഇടച്ചിറ, സുനിൽഘോഷ്, കെ.ബി. അനിൽകുമാർ, ടി.എസ്. സിജുകുമാർ എന്നിവർ സംസാരിച്ചു.