baby-house

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ നാശം സംഭവിച്ച വീടുകളുടെ മുകളിൽ നിന്ന് മരങ്ങൾ വെട്ടി മാറ്റാനാകാതെ കുടുംബങ്ങൾ ദുരിതക്കയത്തിൽ.

നിർദ്ധനരായ വയോധികരും സ്ത്രീകളുമടങ്ങുന്നവരാണ് ദുരിതത്തിനിരയായ പല കുടുംബങ്ങളും. സ്വന്തം പറമ്പിലേയും സമീപത്തെയും വൻ മരങ്ങളാണ് വീടുകൾക്ക് മുകളിൽ വീണ് കിടക്കുന്നത്. ഇവ മുറിച്ചു മാറ്റാൻ യന്ത്രങ്ങൾ തന്നെ വേണ്ടിവരും. ഇതിന് ഭീമമായ തുക ചെലവാകുമെന്നത് സാമ്പത്തിക ശേഷിയില്ലാത്ത കുടുംബാംഗങ്ങളെ വലയ്ക്കുകയാണ്. കുറിയേടൻ ബേബി, കാഞ്ഞൂക്കാരൻ ജേക്കബ് എന്നിവരുടെ ഓട് മേഞ്ഞ വീടുകൾക്ക് മുകളിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. കുറിയേടൻ ബേബിയുടെ വീട് നാല് വശത്ത് നിന്ന് കടപുഴകി വീണ വൻ മരങ്ങളാൽ മൂടിയിരിക്കുകയാണ്. കിടപ്പാടം നഷ്ടപ്പെട്ട ദു:ഖത്തോടൊപ്പം എങ്ങനെ മരംമുറിച്ച് മാറ്റുമെന്നോർത്ത് അശങ്കയിലാണ് ദുരിതക്കയത്തിൽപ്പെട്ട കുടുംബങ്ങൾ.

വിഫലമായത് അലക്‌സിന്റെ സ്വപ്നം

നെടുമ്പാശേരി: ഏതാനും വർഷം മുമ്പ് പ്രവാസി ജീവിതം അവസാനിപ്പിച്ച് ഏത്തവാഴ കൃഷി ആരംഭിച്ച നെടുവന്നൂർ വെണ്ണിപ്പറമ്പ് പുതുശ്ശേരി അലക്‌സ് സി. ആന്റണിയുടെ വിളവെടുപ്പിന് പാകമായ 220ഓളം വാഴകളാണ് തിങ്കളാഴ്ച ഉച്ചക്കുണ്ടായ ചുഴലിക്കാറ്റ് പിഴുതെറിഞ്ഞത്. സൗദിയിലായിരുന്ന അലക്‌സ് നാട്ടിൽ തൊഴിലെടുക്കാമെന്ന പ്രതീക്ഷയിൽ വീടിനടുത്ത് വാങ്ങിയ 60 സെന്റ് സ്ഥലത്തെ കൃഷിയാണ് പൂർണമായും നശിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഏത്ത വാഴ കൃഷി നടത്തിവരുകയായിരുന്നു. ഓണത്തിന് വിളവെടുക്കാമെന്ന സ്വപ്നമാണ് ചുഴലിക്കാറ്റ് വിഫലമാക്കിയത്. രണ്ട് ലക്ഷത്തിന്റെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.