anganawadi

കൊച്ചി: കൊച്ചിയിൽ ഇനി സ്മാർട്ട് അങ്കണവാടികൾ മാത്രം. കോർപ്പറേഷൻ പരിധിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ സ്മാർട്ട് ആക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 52 അങ്കണവാടികൾ സ്മാർട്ടായി. 16 എണ്ണം കൂടി സ്മാർട്ടാകും.

കളിപ്പാ‌ട്ടങ്ങളും പോഷകസമൃദ്ധമായ ആഹാരവും സ്മാർട്ട് ടി.വികളും അകത്തും പുറത്തും കളിസ്ഥലങ്ങളുമായാണ് സ്മാർട്ട് അങ്കണവാടികൾ ഒരുങ്ങുന്നത്. നഗരത്തിൽ സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലുമായി 326 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ സ്വന്തം കെട്ടിടമുള്ളവയാണ് സ്മാർട്ട് അങ്കണവാടികളാക്കി മാറ്രുന്നത്. കോ‌ർപ്പറേഷൻ പ്ലാൻ ഫണ്ട്, സർക്കാർ ഫണ്ട്, സി.എസ്.ആർ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നടപടി.

കഴിഞ്ഞ ആഴ്ച 70-ാം ഡിവിഷനിൽ കലൂർ നോർത്തിൽ പുതിയ സ്മാർട്ട് അങ്കണവാടി ആരംഭിച്ചിരുന്നു. എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചായിരുന്നു അങ്കണവാടി നിർമ്മിച്ചത്.

നഗരത്തിൽ കൂടുതൽ കുട്ടികളുള്ള അങ്കണവാടികളാണ് സ്മാർട്ട് ആക്കി മാറ്റുന്നത്. വാടക കെട്ടിടത്തിലാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പരിമിതിയുണ്ടാകും. എങ്കിലും വാടക കെട്ടിടത്തിന്റെ സൗകര്യം അനുസരിച്ച് കളിപ്പാട്ടങ്ങളടക്കമുള്ളവ നൽകും.

സ്മാർട്ട് അങ്കണവാടികൾ

ശിശു സൗഹൃദമായ വിശാലമായ ക്ലാസ് റൂം

 സ്മാർട്ട് ടിവി

ആകർഷകമായ പെയിന്റിംഗ് കലാരൂപങ്ങൾ

ഇരിപ്പിടങ്ങൾ

കുട്ടികളുടെ കണ്ണുകൾക്കും കൈകൾക്കും ഇണങ്ങിയ ഫർണിച്ചറുകൾ

സുരക്ഷിതമായ ഫൈബർ ഫ്‌ളോറിംഗ്, സൗണ്ട് സിസ്റ്റം

ക്ലാസ് മുറികൾക്ക് പുറത്ത് കളിയുപകരണങ്ങൾ

ആധുനിക സൗകര്യങ്ങളോടെ കളിസ്ഥലം

ക്രിയേറ്റിവ് സോൺ

 സൗകര്യങ്ങൾ വർദ്ധിപ്പിച്ച അടുക്കള

 ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം

 പ്രാഥമിക സൗകര്യത്തിനുള്ള മുറികൾ

ശീതീകരിക്കാനും പദ്ധതി

നിലവിൽ നഗരത്തിലെ സ്മാർട്ട് അങ്കണവാടികളിൽ ശീതീകരിച്ച (എ.സി) സൗകര്യമില്ലെങ്കിലും ഇവ സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്. വേനൽക്കാലത്ത് കുട്ടികൾക്ക് ചൂട് സഹിക്കാനാവാതെ അങ്കണവാടികൾ പൂട്ടിയിടേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് കണക്കിലാക്കിയാണ് അങ്കണവാടികളിൽ എ.സി സ്ഥാപിക്കുന്ന നടപടികൾ ആരംഭിക്കുന്നത്.

ആകെ അങ്കണവാടികൾ- 326

സ്വന്തം കെട്ടിടത്തിൽ 173

സ്മാർട്ട് ആക്കിയവ- 52

ഈവർഷം സ്മാർട്ട് ആക്കുന്നവ- 16