
തൃപ്പൂണിത്തുറ: നഗരസഭയുടെ 2024 ലെ അത്താഘോഷ കമ്മിറ്റിയിൽ നിന്ന് ബി.ജെ.പി കൗൺസിലർമാരെ മുഖ്യ കമ്മിറ്റി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയതിലും നഗരസഭയിലെ നായ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതിലും പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ യോഗത്തിൽ നിന്ന് വാക്ക് ഔട്ട് നടത്തി. ഇടതുപക്ഷവും യു.ഡി.എഫും സ്ഥാനങ്ങൾ പങ്കിട്ടെടുത്ത് പ്രധാന പ്രതിപക്ഷ കക്ഷിയായ തങ്ങളെ ഒഴിവാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി ആരോപിച്ചു. കണ്ണൻകുളങ്ങരയിൽ നായ കടിയേൽക്കുന്നതിൽ നിന്ന് രക്ഷപെടുന്നതിനായി തെന്നിമാറിയ തോപ്പിൽ ഷാജി കാറിടിച്ചു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തണമെന്ന ആവശ്യവും ചെയർപേഴ്സൺ നിരാകരിച്ചു. കൗൺസിലർമാർ നഗരസഭാ കവാടത്തിൽ നടത്തിയ ധർണയിൽ പാർലമെന്ററി പാർട്ടി ലീഡർ പീകെ. പീതാംബരൻ, കൗൺസിലർമാരായ അഡ്വ. പി.എൽ.ബാബു, യു.മധുസൂദനൻ, കെ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ രജനി ചന്ദ്രൻ, വള്ളി രവി, വള്ളി മുരളീധരൻ, രൂപ രാജു, വിജയശ്രീ, സന്ധ്യാ വാസുദേവൻ, സാവിത്രി നരസിംഹ റാവു, സുപ്രഭ, രതിരാജു, ഷോണിമ നവീൻ, സുധസുരേഷ്, നിമ്മി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.