കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്നതിൽ തർക്കം രൂക്ഷമായതിനിടെ തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ അൽമായമുന്നേറ്റം തീരുമാനിച്ചു. സഭാനിർദ്ദേശങ്ങൾ നടപ്പാക്കാത്ത വൈദികർക്കും വിശ്വാസികൾക്കുമെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സഭാ അനുകൂലികളും ആവശ്യപ്പെട്ടു.
അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്നും സിനഡ് സർക്കുലർ അവഗണിക്കാനും എറണാകുളം, ഇടപ്പള്ളി, കാഞ്ഞൂർ ഫൊറോന സംഗമങ്ങൾ ആവശ്യപ്പെട്ടു.
എറണാകുളം ഫൊറോനസംഗമം മുൻ വികാരി ജനറൽ ഡോ. ജോയ് ഐനിയാടാൻ ഉദ്ഘാടനം ചെയ്തു, ഡോ. ജോസഫ് കണിയാംപറമ്പിൽ, ഡോ. പോൾ ചിറ്റിനപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഫൊറോന കൺവീനർ ബോബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, തങ്കച്ചൻ പേരയിൽ എന്നിവർ നേതൃത്വംനൽകി.
ഇടപ്പള്ളി ഫൊറോനസംഗമം വികാരി ഫാ. ജെയിംസ് തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന കൺവീനർ ജോർജ് കുര്യൻ അദ്ധ്യക്ഷനായി. കാഞ്ഞൂർ ഫൊറോനസംഗമം വികാരി ഫാ. ജോയ് കണ്ണംപുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
വൈദികർക്കെതിരെ നടപടി വേണമെന്ന്
സഭാ അധികാരികളുടെ സർക്കുലറുകൾ വായിക്കാതെയും നിയമലംഘനങ്ങൾ തുടർന്നും വെല്ലുവിളിക്കുന്ന വൈദികർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് സഭാനുകൂല സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.
മേജർ ആർച്ച് ബിഷപ്പും അഡ്മിനിസ്‌ട്രേറ്റും പുറപ്പെടുവിച്ച സർക്കുലർ പള്ളികളിൽ വായിക്കാതെ വിശ്വാസികളെക്കൊണ്ട് കത്തിപ്പിച്ചത് ഗൗരവമുള്ള കുറ്റമായി കണക്കാക്കണം. സർക്കുലറിനെതിരെ വാർത്താസമ്മേളനം നടത്തിയ മൂന്നു വൈദികരെ സഭയിൽ തുടരാൻ അനുവദിക്കരുത്. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റയും അഡ്മിനിസ്ട്രേറ്റർ ബോസ്‌കോ പുത്തൂരിന്റെയും നേതൃത്വത്തിൽ ജൂലായ് മൂന്നിന് ബസലിക്കയിൽ കുർബാന അർപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സംയുക്തസഭാ സംരക്ഷണസമിതി ചെയർമാൻ മത്തായി മുതിരേന്തി അദ്ധ്യക്ഷനായി.