accident
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ

മൂവാറ്റുപുഴ: ശബരിമല തീർത്ഥാടനത്തിനുശേഷം മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ നാലംഗസംഘം സഞ്ചരിച്ച കാറാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൂവാറ്റുപുഴ - ആരക്കുഴ റോഡിൽ മുതുകല്ല് ഷാപ്പുംപടിയിൽ അപകടത്തിൽപെട്ടത്.

മലപ്പുറം അരീക്കോട് വല്ലയിൽ വേണുഗോപാൽ (64), പദ്‌മാവതി (54), സുജിത് (44), പ്രേംനിഖിൽ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ - ആരക്കുഴ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.