തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ വ്യാപാരികൾക്കായി പ്രധാനമന്ത്രിയുടെ പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് നടപ്പാക്കുമെന്ന് തൃപ്പൂണിത്തുറ മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. റോയി പറഞ്ഞു. വാർഷിക പ്രീമിയം 750 രൂപ വരുന്ന പദ്ധതിയിൽ 18 മുതൽ 65 വയസ് വരെയുള്ള വ്യാപാരികളെ ഉൾപ്പെടുത്തും. യൂണിറ്റിലെ അംഗങ്ങൾക്കായി മരണാനന്തര ധനസഹായമായി ഒരുലക്ഷം രൂപ നൽകും. കൂടാതെ വനിതാ അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ ലോൺ സൗകര്യവും ഏർപ്പെടുത്തി. 75 വയസ് കഴിഞ്ഞ വ്യാപാരികൾക്കായി രണ്ടായിരം രൂപവീതം പ്രതിമാസ പെൻഷനും ലഭിക്കും. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.പി. റോയി, ജനറൽ സെക്രട്ടറി തോമസ് പോൾ, ട്രഷറർ അനിൽകുമാർ മേനോൻ എന്നിവർ സ്ഥാനമേറ്റെടുത്തു.