പള്ളുരുത്തി: മരുന്നുകട പ്രദേശത്തുള്ള ജല അതോറിറ്റിയുടെ രണ്ടു കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കാത്തതു കാരണം സാംക്രമിക രോഗങ്ങൾ പടരാനിടയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസറും ജല അതോറിറ്റി കരുവേലിപ്പടി ജംഗ്ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ടാങ്കിന്റെ പുറം പെയിന്റ് ചെയ്തെങ്കിലും ഉൾവശം കഴുകി വൃത്തിയാക്കി ചെളി നീക്കാൻ ജല അതോറിറ്റി തയ്യാറായിട്ടില്ല. ഇവിടെയുള്ള 2 കുടിവെള്ള ടാങ്കുകളിൽ സംഭരിക്കുന്ന കുടിവെള്ളമാണ് പ്രദേശത്തെ 8 നഗരസഭാ വാർഡുകളിൽ വിതരണം ചെയ്യുന്നത്. ടാങ്ക് വൃത്തിയാക്കിയിട്ട് 3 വർഷമായി. എല്ലാ വർഷവും ടാങ്ക് വൃത്തിയാക്കണമെന്ന് കമ്മിഷൻ മുമ്പ് ഉത്തരവിട്ടിരുന്നു. കൊച്ചി നഗരസഭാ മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം സമർപ്പിച്ച പരാതിയിലാണ് നടപടി.