* ഇതേവരെ പിടിയിലായത് അഞ്ചുപേർ

വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഓട്ടോസ്റ്റാൻഡിലെ ഓട്ടോഡ്രൈവർ തച്ചാട്ടുതറ ജയയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി അറസ്റ്റുചെയ്തു. എഴുപുന്ന സ്വദേശികളായ അഖിൽ ഡാനിയേൽ (22), മനു എന്ന മണിയപ്പൻ (22) എന്നിവരെയാണ് എസ്.ഐ ബിജു, എ.എസ്.ഐ ഷാഹിർ, സി.പി.ഒമാരായ ശരത് ബാബു, സ്വരാഭ് എന്നിവർ മുംബയിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ 5ന് പള്ളത്താംകുളങ്ങര ഓട്ടോസ്റ്റാൻഡിൽനിന്ന് ജയയുടെ ഓട്ടോവിളിച്ചുകൊണ്ടുപോയ മൂന്നംഗസംഘം കുഴിപ്പിള്ളിയിലെ സ്വകാര്യആശുപത്രി, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെത്തി തിരികെ ചെറായി ബീച്ചുവഴി എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ രാത്രി 11 മണിയോടെയെത്തി. അവിടെവച്ച് ജയയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇവരിൽപ്പെട്ട ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.
ജയയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ ജയയുടെ ബന്ധുവും അയൽവാസിയുമായ പ്രിയങ്ക, ആക്രമണത്തിന് ഒത്താശചെയ്ത നായരമ്പലം സ്വദേശി വിഥുൻരാജ് എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇവരോടൊപ്പം അറസ്റ്റിലായ ഒരാൾ ജാമ്യത്തിലാണ്. പ്രിയങ്കയുടെ ജീവിതപങ്കാളി സജീഷും ഒളിവിലാണ്. ഇയാളാണ് ജയയെ ആക്രമിക്കാൻ സുഹൃത്തുക്കളും ക്രിമിനൽ പശ്ചാത്തലവുമുള്ള പ്രതികളെ ഏർപ്പാടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി സലീഷ്, എൻ. ശങ്കരൻ, ഇൻസ്‌പെക്ടർ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.