soil-test-
കരിപ്പായിക്കടവ് - പഴമ്പിള്ളിത്തുരുത്ത് സമാന്തരപാലം മണ്ണ് പരിശോധന

പറവൂർ: കരിപ്പായിക്കടവ് - പഴമ്പിള്ളിത്തുരുത്ത് നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയൊരു പാലം നിർമ്മിക്കുന്നതിനുള്ള മണ്ണ് പരിശോധന തുടങ്ങി. 2004ൽ നിർമ്മിച്ച നിലവിലെ കരിപ്പായിക്കടവ് - പഴമ്പിള്ളിത്തുരുത്ത് പാലത്തിന് 140 മീറ്റർ നീളവും 4.25 മീറ്റർ വീതിയുമാണുള്ളത്. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചാൽ എതിർവശത്ത് നിന്നുള്ള വാഹനങ്ങൾക്ക് പോകാനാവില്ല. കാൽനടയാത്രക്കാർക്ക് പോകാൻ പ്രത്യേക പാതയില്ല. തിരക്കേറിയ സമയത്ത് വാഹനങ്ങൾ പാലം മറികടക്കാൻ ഏറെനേരം കാത്തുനിൽക്കണം. നിലവിള്ള പാലം നിർമ്മിക്കുമ്പോൾ പഴമ്പിള്ളിത്തുരുത്തിലേക്ക് മാത്രമായിരുന്നു ഗതാഗതം. സ്റ്റേഷൻകടവ് പാലം തുറന്നതോടെ തൃശ്ശൂർ ജില്ലയിലെ, മാള, ചാലക്കുടി, കൊടകര മേഖലയിലുളളവർക്ക് എറണാകുളത്തേക്കുളള എഴുപ്പവഴിയായി. പറവൂരിൽ നിന്ന് പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ മാളയിലെത്താം. നേരത്തെ മാഞ്ഞാലി പാലം വഴി മാളയിൽ എത്തണമെങ്കിൽ ഇരുപത്തിയാറ് കിലോമീറ്റർ വേണ്ടിയിരുന്നു. ദൂരം കുറഞ്ഞ പാതയായതോടെ കണ്ടെയ്‌നർ വാഹനങ്ങൾ ഉൾപ്പടെയുള്ളവ പോകുന്നുണ്ട്. നിലവിലുളള പാലത്തിന്റെ പടിഞ്ഞാറെ വശംചേർന്ന് 10 മീറ്റർ വീതിയിൽ ഫുട്പാത്ത് ഉൾപ്പെടെ പാലവും 3 മീറ്റർ സർവീസ് റോഡ് ഉണ്ട്. പാലവും അപ്രോച്ച് റോഡുമാണ് പൊതുമരാമത്ത് പാലം വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.

----------------------------------------------------------------------------------------------

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിലെ ആദ്യ തീരുമാനമായ കരിപ്പായിക്കടവ് - പഴമ്പിള്ളിതുരുത്ത് സമാന്തര പാലത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് നൽകിയ നിവേദനത്തിൽ അഡി​ഷണൽ ചീഫ് സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

-------------------------------------------------------------------------------------

പാലിയം നട മുതൽ സ്റ്റേഷൻകടവ് പാലം വരെയുള്ള റോഡിന് വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കെ.ആർ. പ്രേംജി, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ