കൊച്ചി: ഇടുക്കി ജില്ലയിൽ മൂന്നാറിലടക്കം ഭൂമി കൈയേറ്റത്തിന് കൂട്ടുനിന്നതായി മുൻ ഇന്റലിജൻസ് മേധാവി രാജൻ മധേക്കർ 20 വർഷം മുമ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്ന 19 ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്ന് ഹൈക്കോടതി. ഗൂഢാലോചനക്കുറ്റം ചുമത്തിയതിനപ്പുറം ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ മുന്നറിയിപ്പ്.
അന്വേഷണം സി.ബി.ഐക്ക് കൈമാറാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും കോടതി നിർദ്ദേശം നൽകി.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇടുക്കിയുടെ ഭൂപ്രകൃതിയും ഭൂനിയമങ്ങളും വ്യക്തമായറിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ജില്ലാ കളക്ടറായി നിയമിക്കാനാകുമോയെന്ന് കോടതി ആരാഞ്ഞു. അതല്ലെങ്കിൽ മൂന്നാർ മേഖലയ്ക്കായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്ന കാര്യം കോടതി പരിഗണിക്കുന്നുണ്ട്.
ഭൂമി കൈയേറ്റത്തിൽ രാജൻ മധേക്കർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് 2004 ലാണ്. ഇതിൽ കുറ്റക്കാരായി പറയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഉണ്ടായിട്ടില്ലെന്ന് സർക്കാർ വിശദീകരിച്ചതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐക്ക് വിടേണ്ടിവരുമെന്ന് കോടതി പറഞ്ഞത്.