മൂവാറ്റുപുഴ: നഗരത്തിലെ വെള്ളൂർക്കുന്നത്തെ പ്രസ് ക്ലബ് റോഡിലെ അപകടഭീഷണി ഉയർത്തി നിന്ന മരം മുറിച്ചുമാറ്റി. ഇതുസംബന്ധിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. പടർന്ന് പന്തലിച്ച് നിന്ന വലിയ പാഴ്മരങ്ങൾ ഏതു നിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിലായിരുന്നു . എളുപ്പത്തിൽ പോകാവുന്ന റോഡെന്ന നിലയിൽ നൂറുകണക്കിന് വാഹനങ്ങളാണ് യാത്രക്കാരുമായി പോകുന്നത്.
മൂവാറ്റുപുഴ സ്റ്റേഡിയത്തോട് ചേർന്ന സ്ഥലമായതിനാൽ ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് സൗകര്യം ഉണ്ട്. മൂവാറ്റുപുഴയിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ വാഹനങ്ങൾ ഈ മരങ്ങളുടെ കീഴെയാണ് പാർക്ക് ചെയ്യുന്നത് . മരം മറിഞ്ഞാൽ പാർക്ക് ചെയ്തിരിക്കുന്ന വാഹങ്ങളുടെ മുകളിലേക്ക് വീഴുമെന്നത് വലിയ അപകട ഭീഷണിയായിരുന്നു .
മരത്തിന് സമീപം കൂടി പോകുന്ന ഇലക്ട്രിക് ലൈനിലേക്ക് മരം മറിയാം. മഴക്കാലമായതോടെ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതിനാൽ മരത്തിന് ബലക്ഷയം വന്നിരുന്നു. കാറ്റിൽ മരം ആടിയുലയുമ്പോൾ സമീപ വാസികൾ ഭയപ്പാടിലായിരുന്നു.. ഈ മരത്തിന്റെ സമീപത്തും എന്നാൽ സൈഡിലുമായിട്ട് നിരവധി മരങ്ങളാണ് അപകടകരമാംവിധം വളർന്ന് നിൽക്കുന്നത്.
കാല വർഷം കനത്തതോടെ പ്രസ് ക്ലബ് റോഡിലൂടെയുള്ള വാഹന, കാൽനടയാത്രികർ ഏറെ ഭയപ്പാടിലായിരുന്നു .
അപകടകരമായി വളർന്നു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയതോടെ പ്രദേശത്തെ അപകടഭീഷണി ഒഴിവായി. നാട്ടുകാർക്ക് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനും കഴിയും.
കടികുളം കാദർ, സമീപവാസി