railway
ബെന്നി ബഹനാൻ എം.പി. മാന്ത്രയ്ക്കൽ തുരങ്കം പാത പ്രശ്‌നം റെയിൽവേ ഉദ്യോഗസ്ഥയുമായി സംസാരിക്കുന്നു

ആലുവ: ലക്ഷങ്ങൾ ചെലവഴിച്ച് മഴവെള്ള സംഭരണിയും പമ്പിംഗ് സംവിധാനവും ഒരുക്കിയിട്ടും മാന്ത്രയ്ക്കൽ റെയിൽവേ തുരങ്കപാതയിലെ ഉറവയും മഴവെള്ളക്കെട്ടും ഒഴിവാകാത്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധം കടുത്തു. ഇതേതുടർന്ന് ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും സ്ഥലം സന്ദർശിച്ചു.

മാന്ത്രയ്ക്കൽ തുരങ്കപാതയിൽ അശാസ്ത്രീയമായ നിർമ്മാണമാണ് നടത്തിയിരിക്കുന്നതെന്ന് ആരോപി​ച്ച് ബെന്നി ബഹന്നാൻ എം.പി.രംഗത്തെത്തി . തുരങ്കത്തിൽ നിന്നുള്ള വെള്ളം എത്തുന്ന ടാങ്കിൽ നിന്ന് വെള്ളമടിക്കുന്നത് തുടരണമെന്നും ഡിവിഷണൽ റെയിൽവേ മാനേജരോട് എം.പി ആവശ്യപ്പെട്ടു. നിലവിൽ ഉണ്ടാകാറുള്ള വെള്ളക്കെട്ടിനേക്കാളും അധികം വെള്ളമാണ് നവീകരണത്തിന് ശേഷം ഉണ്ടാകുന്നത്. 10,000 ലിറ്റർ സംഭരണശേഷിയുള്ള കോൺക്രീറ്റ് ടാങ്കിലേക്ക് കെട്ടി കിടക്കുന്ന മഴവെള്ളം പമ്പ് ചെയ്ത് കയറ്റി കാനയിലേക്ക് ഒഴുക്കുന്ന പദ്ധതിയാണ് ഒരു മാസം മുമ്പ് നടപ്പിലാക്കിയത്.

തുരങ്കപ്പാതയി​ൽ വീണ്ടും വെള്ളക്കെട്ടിൽ

രണ്ട് ദിവസം മുമ്പ് പെയ്ത തുടർച്ചയായ മഴയിൽ തുരങ്കപ്പാത വീണ്ടും വെള്ളക്കെട്ടിലായി. റെയിൽവേ നടത്തിയ പദ്ധതി അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. ദേശീയ പാതയിൽ കമ്പനിപ്പടിയിൽ നിന്ന് ആലുവയിലേക്ക് വരാതെ തായിക്കാട്ടുകര, കുന്നത്തേരി, മനക്കപ്പടി മേഖലയിലേക്ക് പോകാവുന്ന എളുപ്പവഴിയാണിത്. പക്ഷെ ചെറിയ മഴ പെയ്താൽ മുട്ടോളം വെള്ളം നിറയും.

വെള്ളം കാനയിലേക്കൊഴുക്കാൻ സംവിധാനം വേണം

ആലുവ: 25 വർഷമായി തുടരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തുരങ്ക പാതയ്ക്ക് സമീപത്തെ കാനയിലേക്ക് ഒഴുക്കാൻ സംവിധാനമൊരുക്കിയാൽ മതിയെന്ന് നാട്ടുകാർ. റെയിൽവേ ട്രാക്കിൻെറ കിഴക്ക് ഭാഗത്ത് താഴെയായി നിലവിൽ കാനയുണ്ട്. ആ കാനയിലേക്ക് ആഴത്തിൽ ഗ്രിൽ ഭാഗത്തിലൂടെ ചെറിയ ടണൽ നിർമ്മിച്ചാൽ കെട്ടി നിൽക്കുന്ന വെള്ളം സുഗമമായി ഒഴുകും.