ആലുവ: അശോകപുരം അണ്ടിക്കമ്പനിക്ക് സമീപം ഗോഡൗൺ കെട്ടിടത്തിൽ ചട്ടവിരുദ്ധമായി ഷട്ടറുകൾ സ്ഥാപിച്ച് തുറന്ന മത്സ്യമാർക്കറ്റിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലെന്ന് കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് കൊടികുത്തുമല സ്വദേശിയായ സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി.
ആരോഗ്യവിഭാഗം പരിശോധനയ്ക്കെത്തുമ്പോൾ എട്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല. അതേസമയം കഴിഞ്ഞ ശനിയും ഞായറും ലൈസൻസ് ഇല്ലാതെപ്രവർത്തിച്ച അറവുശാല ഇന്നലെ തുറന്നിരുന്നില്ല. സ്ഥാപനത്തിൽ ഉണ്ടായിരുന്നവർക്ക് അറവുശാലയുടെയോ ഇറച്ചിക്കോഴി വില്നപനയുടെയോ ലൈസൻസുകൾ ഹാജരാക്കാനും കഴിഞ്ഞില്ല. ഇതോടെ ലൈസൻസ് ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചതെന്ന് വ്യക്തമായി.
ഭക്ഷ്യ സ്ഥാപനങ്ങളിൽ 'ഹെൽത്തി കേരള' യുടെ ഭാഗമായി 24 സ്ഥാപനങ്ങളിലാണ് ശുചിത്വ പരിശോധന നടത്തിയത്.എടയപ്പുറം അമ്പാട്ടു കവലയിലെ ഹോട്ടൽ താത്കാലികമായി അടച്ചു പൂട്ടി. നാലു സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പോരായ്മകൾ പരിഹരിക്കണമെന്ന് നിർദേശിച്ച് നേരത്തെ ആരോഗ്യവകുപ്പ് നൽകിയ നോട്ടീസ് അവഗണിച്ചെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി.
കീഴ്മാട് ജംഗ്ഷനിലെ ഹോട്ടൽ, ചപ്പാത്തിക്കട എന്നിവയ്ക്കും നോട്ടീസ് നൽകി.
പുകവലി മുന്നറിയിപ്പിന്റെ ഭാഗമായി കോട്പ ബോർഡ് സ്ഥാപിക്കാത്ത സ്ഥാപങ്ങൾക്കും നോട്ടീസ് നൽകി. കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ എം.എം. സക്കീർ, എസ്.എസ്. രേഖ, കെ.ബി. സബ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.