kanayannur
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ കൗൺസിൽ യോഗം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി.വി.വിജയൻ എന്നിവർ സമീപം.

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന സാമൂഹ്യയാഥാർത്ഥ്യം തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയാക്കി ചിത്രീകരിച്ച് വെല്ലുവിളിക്കുന്നവരെ അതേനാണയത്തി​ൽ നേരി​ടുമെന്ന് കണയന്നൂർ യൂണിയൻ കൗൺസിൽ യോഗം മുന്നറി​യി​പ്പ് നൽകി​. വെള്ളാപ്പള്ളി നടേശന് യൂണിയൻ ഉറച്ച പിന്തുണയും പ്രഖ്യാപിച്ചു.

പതിറ്റാണ്ടുകളായി തുടരുന്ന ന്യൂനപക്ഷ പ്രീണനത്തിൽ കേരളത്തിലെ ഈഴവരാദി പിന്നാക്ക, പട്ടികവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒതുക്കപ്പെട്ട കാര്യമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയതെന്നും അതിന് അദ്ദേഹത്തെ ക്രൂശിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും യോഗം ഉദ്ഘാടനംചെയ്ത യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പറഞ്ഞു. ആക്ഷേപിച്ചും വെല്ലുവിളിച്ചും എസ്.എൻ.ഡി.പി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും യോഗം വിലയിരുത്തി. മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളാണ് ഈ നീക്കത്തിന് പിന്നിൽ. മതത്തിന്റെ പേരുപറഞ്ഞ് അധികാരക്കസേരകളിൽ കയറിയിരിക്കുന്നവർ മതേതരത്വം പഠിപ്പിക്കാൻ വരേണ്ടെന്നും ഏതുവെല്ലുവിളിയേയും നേരിടാൻ യോഗവും പ്രവർത്തകരും തയ്യാറാണെന്നും കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.

പിന്നാക്ക, പട്ടികവിഭാഗങ്ങൾ നേരിടുന്ന വിവേചനവും മാറ്റിനിറുത്തലുകളും നെഞ്ചുറപ്പോടെ വിളിച്ചുപറയാൻ വെള്ളാപ്പള്ളി നടേശൻ മാത്രമേയുള്ളൂ. അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ആസൂത്രിതശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്തൊക്കെ ഭീഷണികളുണ്ടായാലും യോഗവും പ്രവർത്തകരും വെള്ളാപ്പള്ളിക്ക് പിന്നിൽ ശക്തമായി ഉറച്ചുനിൽക്കും.

ഇടതു, വലതു മുന്നണികൾ ഇനിയും ന്യൂനപക്ഷപ്രീണനം തുടർന്നാൽ കേരളത്തിലെ ഭൂരിപക്ഷസമൂഹം പറിച്ചെറിയപ്പെടുന്ന സ്ഥിതിവരും. വോട്ടുബാങ്കിന്റെ ബലത്തിൽ എന്തും കൈയടക്കാമെന്ന അഹങ്കാരം ഇനിയെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ അവസാനിപ്പിക്കണം. ഈ കൊള്ളയ്ക്കെതിരെ കേരളം ഉണർന്നുകഴിഞ്ഞു. അതിന് നേതൃത്വം നൽകുകയാണ് വെള്ളാപ്പള്ളി നടേശന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും ഇനിയുള്ള ദൗത്യം.

കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവേ നടത്തിയാൽ വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ച അസമത്വവും അന്തരങ്ങളും വ്യക്തമാകും. എത്രയുംവേഗം ഇത്തരമൊരു പഠനത്തിന് കേരള സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, കൺവീനർ എം.ഡി. അഭിലാഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ എൽ. സന്തോഷ്, കെ.കെ. മാധവൻ, കെ.പി. ശിവദാസ്, ടി.എം. വിജയകുമാർ എന്നിവർ സംസാരിച്ചു.