കൊച്ചി: ഇറാൻ അന്താരാഷ്ട്ര അവയവക്കടത്ത് കേസിലെ മുഖ്യപ്രതി എറണാകുളം സ്വദേശി മധുവിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾക്ക് വേഗംകൂട്ടി പ്രത്യേക അന്വേഷണസംഘം. മധുവിന്റെ അറസ്റ്റ് കേസിൽ നിർണായകമാണ്.
കഴിഞ്ഞ 10 വർഷത്തിലേറെയായി മധു ഇറാനിലാണ്. അവിടെനിന്നാണ് ഇയാൾ ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത്. കേസിൽ അറസ്റ്റിലായ ആന്ധ്രാ സ്വദേശി ബല്ലംകൊണ്ട രാംപ്രസാദ്, മധുവിന്റെ ആവശ്യപ്രകാരം ഇരകളെ കണ്ടെത്തി ഇറാനിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് രാംപ്രസാദ് അവയവദാതാക്കളെ കണ്ടെത്തിയിരുന്നത്. ആദ്യം അറസ്റ്റിലായ തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ ഇറാനിൽ മധുവിന്റെ വലംകൈയായിരുന്നു.
അവയവക്കടത്തിന്റെ മറവിൽ മധു 13കോടിരൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ വിദേശത്തായതിനാൽ അന്വേഷണസംഘത്തിന് പിടികൂടുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ കേരളത്തിലെത്തിക്കാനുള്ള നീക്കം തുടങ്ങിയത്.