കൊച്ചി: കലൂർ എസ്.ആർ.എം റോഡിലുള്ള സെഞ്ച്വറി ലോഡ്ജിലെ മാനേജരെ ഗ്ലാസ് ചീളുകൊണ്ട് കുത്താൻശ്രമിച്ചെന്ന പരാതിയിൽ യുവതിയെ അറസ്റ്റുചെയ്തു. എറണാകുളത്ത് താമസിക്കുന്ന കൊല്ലം സ്വദേശിനി അജിതയാണ് (35) അറസ്റ്റിലായത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. അജിത പരിചയപ്പെടുത്തിയ രണ്ടുപേർക്ക് ലോഡ്ജിൽ മുറിനൽകിയിരുന്നു. മൂന്ന് ദിവസമായി വാടക നൽകാത്തതിനെ തുടർന്ന് സംഭവദിവസം ഇവരെ മാനേജർ ഒഴിപ്പിച്ചിരുന്നു. ഇതറിഞ്ഞ് ലോഡ്ജിലെത്തിയ അജിത മാനേജരുമായി വാക്കുതർക്കത്തിലായി. ലോഡ്ജിൽ നിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ ക്ഷുഭിതയായ ഇവർ ഗ്ലാസ് അടിച്ചുതകർത്ത് ഇതിൽനിന്ന് ഒരു ചീളെടുത്ത് മാനേജരെ കുത്താൻ ശ്രമിക്കുകയായിരുന്നു. മാനേജർ നോർത്ത് പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ അജിതയെ റിമാൻഡ് ചെയ്തു.