 
വൈപ്പിൻ: ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കടലിൽ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. യു.പി സ്വദേശികളായ ഷഹബാൻ (23), ഷറഫാത്തിന്റെ മകൻ ജാവേദ് (28) എന്നിവരാണ് മരിച്ചത്. ഷഹബാന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ ചെറായി ബീച്ചിന് പടിഞ്ഞാറ് ഭാഗത്തായി മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. ജാവേദിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് ചെറായിയിൽ കരയ്ക്കടിഞ്ഞു.
ചെറായി പ്രധാനബീച്ചിന് തെക്കുമാറി ലൈഫ് ഗാർഡുകളുടെ നോട്ടത്തിൽ വരാത്ത മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.
രണ്ട് സംഘങ്ങളായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ ആദ്യ സംഘത്തിൽപ്പെട്ടയാളാണ് ഷഹബാൻ. ഇയാളും സുഹൃത്തുക്കളും കുളിച്ചുകൊണ്ടിരിക്കെ ഷഹബാൻ ആദ്യം തിരയിൽപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ചെറായി, രക്ത്വേശ്വരി ബീച്ചുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തോമസ്, സുരേഷ്, ജോബ്, സ്മിരാജ് എന്നീ ലൈഫ് ഗാർഡുകളെത്തി തെരച്ചിൽ നടത്തുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ജാവേദ് ഉൾപ്പെടുന്ന നാലംഗസംഘം ഈ ഭാഗത്ത് കുളിക്കാനിറങ്ങി. ഇതിനിടെ ഉയർന്നുപൊങ്ങിയ കടൽ തിരകളിൽപ്പെട്ട് ഈ സംഘവും കടലിലേക്ക് ഒഴുകി. പാഞ്ഞെത്തിയ ലൈഫ് ഗാർഡുകൾ മൂന്നുപേരെ രക്ഷപ്പെടുത്തി. ജാവേദിനെ മാത്രം കണ്ടെത്താനായില്ല.
ഷഹബാൻ അങ്കമാലി പ്രിൻസ് പ്ലാസ്റ്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയും ജാവേദ് ഇടപ്പള്ളിഭാഗത്ത് താമസിച്ച് പെയിന്റിംഗ് ജോലി ചെയ്തുവരുന്നയാളുമാണ്.
ഫയർഫോഴ്‌സ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം തിങ്കളാഴ്ച രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് മൃതദേഹങ്ങളും കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.