ചെല്ലാനം: ചെല്ലാനം പഞ്ചായത്തിൽ റോഡിന് കുറുകെയുണ്ടായിരുന്ന മുഴുവൻ കലുങ്കുകളും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റിയുടെ നിവേദനം. ആഘാത പഠനത്തിനായി സംസ്ഥാന സർക്കാർ ചെറിയകടവിൽ നടത്തിയ പബ്ലിക് ഹിയറിംഗിൽ ആണ് നിർദ്ദിഷ്ട തീരദേശ ഹൈവേയുടെ സാമൂഹ്യ - സാമ്പത്തിക - പരിസ്ഥിതി ആഘാത പഠന സമിതിക്ക് നിവേദനം നൽകിയത്.

ചെല്ലാനത്തെ ജനവാസ ഭൂമിയുടെ കിഴക്ക് ഭാഗം ചേർന്നാണ് നിലവിലുള്ള റോഡ്. ഏതാണ്ട് 80 ശതമാനത്തിലേറെ ജനങ്ങളും താമസിക്കുന്നത് റോഡിന് പടിഞ്ഞാറുവശത്താണ്. ഈ പ്രദേശങ്ങളിൽ നിന്ന് മഴ വെള്ളവും കടലൊഴുക്ക് വെള്ളവും റോഡിന് കിഴക്ക് ഭാഗത്തുള്ള വിജയം കനാലിലേക്കും കല്ലഞ്ചേരി കായലിലേക്കും ഒഴുകി പോകുന്നതിന് ആസൂത്രിതമായ നിരവധി കലുങ്കുകൾ 1960-70 കാലഘട്ടത്തിൽ തന്നെ സ്ഥാപിച്ചിരുന്നു. എന്നാൽ റോഡിന്റെ ഉയരം കൂട്ടി ആധുനികവത്കരിച്ച സമയത്ത് ഏതാണ്ട് മുഴുവൻ കലുങ്കുകളും മൂടി കളഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ വെള്ളക്കെട്ടും കടൽ വെള്ള ഓരു ഭീഷണിയും ഇതുമൂലം നിലനിൽക്കുന്നു. റോഡുകൾക്ക് ഇരുവശവും താഴ്ചയുള്ള കാനകളുണ്ടാക്കി വിജയം കനാലിലേക്കും കല്ലഞ്ചേരി കായലിലേക്കും മതിയായ ഒഴുക്കിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെടുന്നു.

കലുങ്കുകളുടെ അഭാവത്തിൽ വെള്ളക്കെട്ടുമൂലം നിലവിലെ റോഡ് താറുമാറാകുന്നത് സ്ഥിരം സംഭവമാണെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ, സെക്രട്ടറി എം.എൻ. രവികുമാർ എന്നിവർ പറഞ്ഞു.