
പറവൂർ: കൊൽക്കത്തയുടെ ചരിത്രകാരൻ എന്നറിയപ്പെടുന്ന ചേന്ദമംഗലം മഠത്തിപ്പറമ്പിൽ പി. തങ്കപ്പൻ നായർ (91) ചേന്ദമംഗലത്തെ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി.
1955 മുതൽ 2018വരെ കൊൽക്കത്തയിൽ ജീവിച്ച അദ്ദേഹം 63 പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. പി.ടി. നായർ എന്ന പേരിലായിരുന്നു രചനകൾ.
തങ്കപ്പൻനായർ എഴുതിയതിലേറെയും കൊൽക്കത്തയുടെ ചരിത്രമാണ്. 1933ൽ കാലടി മഞ്ഞപ്രയിലാണ് ജനനം. 1955ൽ 22-ാം വയസിലാണ് കൊൽക്കത്തയിലെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറിയ അദ്ദേഹം അടുത്തവർഷം ആന്ത്രോപോളജിക്കൽ സർവേ ഒഫ് ഇന്ത്യയിൽ സ്റ്റെനോ ടൈപ്പിസ്‌റ്റായി. പ്രൈവറ്റായി പഠിച്ച് ഗോഹട്ടി സർവകലാശാലയിൽനിന്ന് 1962ൽ റാങ്കോടെ ബി.എ പാസായി. 1965ൽ പ്രൊഫഷണൽ മാസികയിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റായി. പിന്നീട് ജോലി രാജിവച്ചു.
1977ൽ "ജോബ് ചാർണോക് ഫൗണ്ടർ കൽക്കട്ട' എന്ന പുസ്‌തകത്തിലൂടെയാണ് രചനകളുടെ തുടക്കം. സെവന്റീന്ത് എയ്റ്റീന്ത് സെഞ്ച്വറി, നയന്റീന്ത് സെഞ്ച്വറി, സൗത്ത് ഇന്ത്യൻസ് കൽക്കട്ട, ഹിസ്‌റ്ററി കൽക്കട്ട സ്ട്രീറ്റ്സ്, ബംഗാൾ ഒബിച്വറി, ഒർജിൻ പൊലീസ് ഇൻ കൽക്കട്ട' തുടങ്ങിയ രചനകൾ കൊൽക്കത്ത നഗരത്തിന്റെ ചരിത്രവും പൈതൃകങ്ങളും വിവരിക്കുന്നതാണ്. 2019 ജൂലായിൽ ഇറങ്ങിയ 'ഗാന്ധിജി കൽക്കട്ട'യാണ് അവസാനത്തെ പുസ്‌തകം.
പശ്ചിമബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിയെ മുട്ടുമടക്കിച്ച വ്യക്തിയാണ് തങ്കപ്പൻനായർ. 1999ൽ തന്റെ പുസ്‌തകങ്ങളുടെ ശേഖരം കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് കീഴിലെ ടൗൺ ലൈബ്രറിക്ക് കൈമാറാൻ അദ്ദേഹം തീരുമാനിച്ചു. സി.പി.എം ഭരിക്കുന്ന ലൈബ്രറിക്ക് പുസ്‌തകങ്ങൾ സംഭാവന ചെയ്യുന്നതിനെതിരെ മമത ബാനർജി സമരരംഗത്തിറങ്ങി. തങ്കപ്പൻ നായരുടെ വീടിന് മുന്നിൽ മമത കുത്തിയിരിപ്പ് സത്യഗ്രഹം ആരംഭിച്ചു. പുസ്തകം മറ്റു രാജ്യങ്ങൾക്ക് കൈമാറുമെന്ന് തങ്കപ്പൻ നായർ പറഞ്ഞതോടെ മമത അയഞ്ഞു. പിന്നീട് പുസ്‌തകങ്ങൾ ടൗൺ ലൈബ്രറിക്ക് നൽകി.
പറവൂർ ഇളന്തിക്കര ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപിക സീതാദേവിയാണ് ഭാര്യ. മക്കൾ: മനോജ് (അദ്ധ്യാപകൻ, ഇളന്തിക്കര ഹൈസ്‌കൂൾ), മായ, പരേതനായ മനീഷ്. മരുമക്കൾ: സീമ (അദ്ധ്യാപിക, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.എച്ച്.എസ്), രവി (കണ്ടെയ്നർ കോർപ്പറേഷൻ ഒഫ് ഇന്ത്യ).