കൊച്ചി: എറണാകുളം കാക്കനാട്ട് ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാരായ അഞ്ഞൂറിലേറെപ്പേർ വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നുള്ള അണുബാധയാണെന്ന് സംശയിക്കുന്നു. കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. അഞ്ചു പേരൊഴികെ മറ്റുള്ളവരെ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.

15 സമുച്ചയങ്ങളിലായി 1500 ഫ്‌ളാറ്റുകളിൽ 5000 ലേറെ പേർ താമസിക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിന് ഒരു വാട്ടർ ടാങ്കാണുള്ളത്. മഴവെള്ള സംഭരണി, വാട്ടർ അതോറിറ്റിയുടെ വെള്ളം, ടാങ്കറുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ടാങ്കിൽ എത്തിച്ചശേഷമാണ് ഫ്ളാറ്റുകളിലേക്കുള്ള വിതരണം. കുടിവെള്ളം ശുചീകരിക്കാൻ കേന്ദ്രീകൃത സംവിധാനമില്ല.

താമസക്കാരിലേറെയും വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത്. ശേഷം തിളപ്പിക്കാതെ നേരിട്ട് ഉപയോഗിച്ചതാണ് അണുബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
ജൂൺ ആദ്യം മുതൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. താമസക്കാർ വിവിധ ഭാഷക്കാരായതിനാൽ രോഗലക്ഷണങ്ങൾ പരസ്പരം പറഞ്ഞിരുന്നില്ല. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെയാണ് അസോസിയേഷൻ അംഗങ്ങൾ തിങ്കളാഴ്ച ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വിവരം അറിയിച്ചത്. സംഭവം അന്വേഷിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് നിയോഗിച്ചു.