കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദ്ദിലുമുണ്ടായതിനെത്തുടർന്ന് ആരോഗ്യവകുപ്പ് നടപടികൾ ഉൗർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുമുള്ള മുപ്പതംഗസംഘം കഴിഞ്ഞ രണ്ടുദിവസമായി ഫ്ളാറ്റ് സമുച്ചയങ്ങളിൽ വിശദമായ പരിശോധന നടത്തി. ഡി.എം.ഒ തലം, സംസ്ഥാനതലം, നഗരസഭാ പ്രതിനിധികളുടെ യോഗം തുടങ്ങി നാല് ഉന്നതതല യോഗങ്ങൾ ചേർന്നു.
ഫ്ളാറ്റ് സമുച്ചയങ്ങളിലെ കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ദിവസേന സൂപ്പർക്ലോറിനേഷൻ ആരംഭിക്കുകയും ചെയ്തു. എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ സംഘത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ നിയോഗിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രണപ്രവർത്തനങ്ങളുടെ ഏകോപനത്തിന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെ കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് നിയോഗിച്ചു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസുകൾ കൂടുതലായി കാണപ്പെട്ട ബ്ലോക്കുകളിലെ കഴിഞ്ഞ ഒരാഴ്ച കാലയളവിലെ ജലസ്രോതസ് പരിശോധിക്കും. ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കറുകളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുമെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.