
കൊച്ചി: ഒന്നിച്ചുപഠിക്കുന്നവർ.. കണ്ടത് ഒരേ സ്വപ്നം. രാജ്യാന്തര കൾനറി ആർട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി സ്വർണമെഡൽ. ഒടുവിൽ എറണാകുളം സ്വദേശിനികളായ ശ്രേയ അനീഷും അമൃത പി. സദനും മത്തങ്ങയിൽ തീർത്ത കരവിരുതിൽ സ്വർണ മെഡൽ കൂടെപ്പോന്നു.
ജർമ്മനിയിൽ നടന്ന കൾനറി ഒളിമ്പിക്സിൽ ലൈവ് കാർവിംഗിലാണ് ശ്രേയ സ്വർണമെഡൽ സ്വന്തമാക്കിയത്. ഷാർജ ആതിഥേയത്വം വഹിച്ച മിഡിൽ ഈസ്റ്റ് എക്സ്പോ കൾനറിയിൽ ഡിസ്‌പ്ലേവിഭാഗത്തിൽ അമൃതയും പൊന്നണിഞ്ഞു. 124 വർഷത്തിനിടെ ആദ്യമായാണ് നേട്ടം. ചെന്നൈ അമൃത ഇന്റർനാഷണൽ കോളേജിലെ അവസാനവർഷ ബി.എസ്.സി ഹോട്ടൽമാനേജ്മെന്റ് വിദ്യാർത്ഥിനികളാണ് ഇരുവരും. ഷെഫ് കാർത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇരുവരും മത്സരരംഗത്തെത്തിയത്.
22 രാജ്യത്തെ ഷെഫുമാരോട് മത്സരിച്ചാണ് അമൃത സ്വർണമെഡൽ നേടിയത്. ആലുവ എൻ.എ.ഡി സ്വദേശികളായ പി.എ.അനീഷ് സീന ദമ്പതികളുടെ മകളാണ് ശ്രേയ. പറവൂർ സ്വദേശികളായ സദാശിവൻ, ബേബി എന്നിവരാണ് അമൃതയുടെ മാതാപിതാക്കൾ. ഇരുവർക്കും ക്രൂസ് കപ്പലിൽ ഷെഫ് ആകണമെന്നാണ് ആഗ്രഹം. ശ്രേയയേയും അമൃതയേയും എറണാകുളത്ത് നടന്ന ചടങ്ങിൽ കോളേജ് ആദരിച്ചു.
ചെറുപ്പം മുതൽ തന്നെ പാചകത്തോടായിരുന്നു താത്പര്യം. പ്ലസ് ടുവിൽ മികച്ച മാർക്കുണ്ടായിരുന്നെങ്കിലും ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. കോഴ്സിന് പുറമേ കാർവിംഗും പഠിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞിരുന്നു. പൂർവ്വവിദ്യാർത്ഥികൾ ചെയ്ത കാർവിംഗ് വീഡിയോകൾ കണ്ടായിരുന്നു തുടക്കം. ആദ്യമെല്ലാം ബുദ്ധിമുട്ടി. മലേഷ്യ, തായ്ലാൻഡ്, എന്നിവിടങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാനായത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
ശ്രേയ
സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് കാർവിംഗ് പഠിക്കാൻ തീരുമാനിച്ചത്. ആദ്യം മടുപ്പായിരുന്നു. പഴങ്ങളിലും പച്ചക്കറികളിലും കൊത്തിയെടുത്ത രൂപങ്ങൾ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങിനെയെല്ലാം ചെയ്യാനാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. തുടർച്ചയായുള്ള പരിശീലനും ഷെഫ് കാർത്തിക്കിന്റെ പിന്തുണയുമാണ് നേട്ടങ്ങൾക്ക് പിന്നിൽ.
അമൃത