
തോപ്പുംപടി: കൊവിഡ്, പ്രളയം, സുനാമി, കടലിലെ കാലാവസ്ഥാ വ്യതിയാനം എന്നിവ മത്സ്യമേഖലയുടെ നടുവൊടിച്ചപ്പോൾ മത്സ്യബന്ധന ബോട്ടുകൾ ആക്രിവിലയ്ക്ക് വിറ്റൊഴിയുകയാണ് ബോട്ടുടമകൾ. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊളിച്ച് വിറ്റത് 500 ഓളം ബോട്ടുകൾ. സർക്കാർ ബോട്ടുടമകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അധിക ബാദ്ധ്യതയും ബോട്ടുടമകളെ പ്രതിസന്ധിയിലാക്കിയതായി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
 ചെലവ് കൂടി
ഒരു ബോട്ട് കടലിൽ പോയി ദിവസങ്ങൾ എടുത്ത് മത്സ്യബന്ധനം നടത്തി തിരിച്ചു വരാൻ 3 മുതൽ 5 ലക്ഷം രൂപ വരെയാണ് ചെലവ്. കടലിൽ മീൻ ഇല്ലാത്തതും കിട്ടുന്ന മീനുകൾക്ക് വിലകിട്ടാത്തതും ഇവർക്ക് തിരിച്ചടിയായി. പ്രതിദിന ചെലവുകൾക്ക് പോലും പൈസ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു
 4000 ൽ നിന്ന് 3200 ലേക്ക്
2000 ത്തിൽ നാലായിരം ബോട്ടുകളാണ് സംസ്ഥാനത്തെ ഹാർബറുകളിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നത്. 2015 ആയപ്പോൾ അത് 3500 ആയി കുറഞ്ഞു. 2024 ആയപ്പോൾ കണക്ക് 3200 ആയി.
സംസ്ഥാനത്തെ മത്സ്യ മേഖലയെ കരകയറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാർ അനുകൂലമായ നടപടികൾ സ്വീകരിക്കുന്നില്ല. ഫിഷറീസ് മന്ത്രി തൊഴിലാളികളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും കണ്ടില്ലെന്ന് നടിക്കുന്നു. തത്സ്ഥിതി തുടർന്നാൽ ഹാർബറുകൾ അടച്ചു പൂട്ടേണ്ടി വരും.
സംസ്ഥാന ബോട്ട് ഉടമ
അസോസിയേഷൻ