കൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലും കേന്ദ്രസർക്കാർ വിദ്യാലയങ്ങളിലും ഉൾപ്പെടെ ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതുപോലെ ഗ്രാമീണ മേഖലയിലും ഹിന്ദിപഠനം സാക്ഷരതാ പ്രവർത്തനരൂപത്തിൽ നടത്തുവാൻ കേരള ഹിന്ദി പ്രചാരസഭ നേതൃത്വം നൽകണമെന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷയുടെ സർട്ടിഫിക്കറ്റുകളും ഉന്നതവിജയം നേടിയ സ്കൂളുകൾക്കുള്ള പ്രത്യേക പുരസ്‌കാരവും റാങ്ക് ജേതാക്കൾക്കുള്ള അവാർഡുവിതരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഹിന്ദി പ്രചാരസഭാ സെക്രട്ടറി അഡ്വ. ബി. മധു അദ്ധ്യക്ഷതവഹിച്ചു.
സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാവ് റഫീഖ് ചൊക്ലി വിശിഷ്ടാതിഥിയായിരുന്നു.
ഭവൻസ് വിദ്യാമന്ദിർ ഡയറക്ടർ ഇ. രാമൻകുട്ടി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസർ, ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പൽ കെ. മിനി, ആർ. അനിൽകുമാർ, ടി.യു. ഗോപകുമാർ എന്നിവർ സംസാരിച്ചു.