kothamangalam

കോതമംഗലം: കുട്ടമ്പുഴയിൽ മൂന്ന് ആനക്കൊമ്പുകളുമായി ഒരാൾ പിടിയിൽ. മാമലക്കണ്ടം ഏണിപ്പാറ മാവിൻചുവട് കോട്ടയ്ക്കകത്ത് ജോസഫ് കുര്യനാണ് (64) വനപാലകരുടെ പിടിയിലായത്. പൂയംകുട്ടി സ്വദേശിയായ ഒരാൾ നിരീക്ഷിണത്തിലാണ്.

ഏതാനും ദിവസങ്ങളായി ജോസഫ് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത കൊമ്പുകൾക്ക് 10വർഷം പഴക്കമുണ്ട്. കുട്ടമ്പുഴ ഭാഗത്ത് വനാന്തരങ്ങളിൽ വേട്ടയാടിയ ആനകളുടെ കൊമ്പാണ് ഇതെന്നാണ് വനപാലകരുടെ സംശയം.

ഏണിപ്പാറ ഭാഗത്ത് വനത്തിന് ഉൾഭാഗത്തായാണ് ജോസഫിന്റെ വീട്. ഒരുസ്ത്രീയും ഇവിടെ താമസിക്കുന്നുണ്ട്. പത്ത് കിലോയോളം തൂക്കംവരുന്ന വലിയകൊമ്പ് കട്ടിലിനടിയിൽ കാണാൻ പറ്റാത്ത രീതിയിൽ ചേർത്ത് കെട്ടിയ നിലയിലും മറ്റ് രണ്ട് കൊമ്പുകൾ അടുക്കളയിൽ കുഴിച്ചിട്ട നിലയിലുമായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 2.30ഓടെയാണ് കുട്ടമ്പുഴ റേഞ്ച് അധികൃതർ റെയ്ഡ് നടത്തി ആനക്കൊമ്പുകൾ കണ്ടെടുത്തത്. നാടൻതോക്കിന്റെ കുഴലും കണ്ടെടുത്തു. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് വനംവകുപ്പ് അധികാരികൾ പറഞ്ഞു.