nagarasaba
ഡെങ്കി പനി ബാധിത മേഖലയിലെ വീടുകളിൽ മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്യുന്നു.

മൂവാറ്റുപുഴ: നഗരസഭയുടെ വിവിധ വാർഡുകളിൽ ഡെങ്കി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പനി ബാധിത പ്രദേശങ്ങളിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പ്രതിരോധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. രോഗ തീവ്രതയെയും പ്രതിരോധ മാർഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്തു. കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 4, 5, 9, 24 വാർഡുകളിൽ ഡ്രൈഡേ ആചരിച്ചു. കൊതുക് നശീകരണത്തിനായി സ്‌പ്രേയിംഗ് ഫോഗിംഗ് നടത്തി. കൂടുതൽ മെഷീൻ എത്തിച്ച് പനി ബാധിത മേഖലകളിൽ ഫോഗിംഗ് വ്യാപകമാക്കും. മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. നാല് അഞ്ച് വാർഡുകളിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽകൗൺസിലർമാരായ നെജില ഷാജി, പി.വി. രാധാകൃഷ്ണൻ, നഗരസഭ ആരോഗ്യ വിഭാഗം എച്ച്.ഐ. സുധീഷ്, ജെ.എച്ച്.ഐ. ശ്രീജ, ആശ വർക്കർമാർ എന്നിവരും പങ്കെടുത്തു.